ആശ്വാസ നടപടിയുമായി കേന്ദ്രം; സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത കൂട്ടി

Share Now

ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻകാരുടേയും ക്ഷാമബത്ത വ‌ർധിപ്പിച്ചു. നാല് ശതമാനം വർധനവിനാണ് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഇതോടെ ക്ഷാമബത്ത 38 ശതമാനമാകും. 2022 ജൂലൈ 1 മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വർധിപ്പിച്ചിട്ടുള്ളത്. ഇതിനൊപ്പം രാജ്യത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ പതിനായിരം കോടി രൂപയുടെ നിക്ഷേപത്തിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ദില്ലി, അഹമ്മദാബാദ്, മുംബൈ റെയിൽവേ സ്റ്റേഷനുകളിലാണ് വികസന പദ്ധതികൾ നടപ്പിലാക്കുക. 
കേന്ദ്രസർക്കാരിന്‍റെ സൗജന്യ ഭക്ഷ്യ ധാന്യ പദ്ധതി നീട്ടി. മൂന്ന് മാസത്തേക്കാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന നീട്ടിയത്. സെപ്റ്റംബറില്‍ പദ്ധതിയുടെ കാലാവധി അവസാനിക്കാന്‍ ഇരിക്കെയാണ് സർക്കാര്‍ നടപടി. പദ്ധതി നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020 ഏപ്രിലിലാണ് കേന്ദ്ര സർക്കാര്‍ സൗജന്യ ഭക്ഷ്യാധാന്യ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ മാര്‍ച്ചിലും പദ്ധതി ആറുമാസത്തേക്ക് കൂടി നീട്ടിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് പദ്ധതി നിലവില്‍ വന്നത്. രാജ്യത്ത് എണ്‍പത് കോടിയിലേറെ പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ കണക്ക്. 2020 ഏപ്രില്‍ മാസത്തിൽ ആരംഭിച്ച സൗജന്യ റേഷൻ പലപ്പോഴായി നീട്ടിയിരുന്നു. തുടക്കത്തിൽ പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന 2020 ഏപ്രിൽ-ജൂൺ മാസ കാലയളവിലേക്ക് ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നീട്ടുന്നത് വഴി, 44,800 കോടിയുടെ ബാധ്യത ഉണ്ടാകുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.