നോര്‍മല്‍ ബിപി പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമോ?

Share Now

ബിപി (ബ്ലഡ് പ്രഷര്‍ ) അഥവാ രക്തസമ്മര്‍ദ്ദം കൂടുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും ജീവന് പോലും ഭീഷണിയാകുന്ന തരത്തിലേക്കുമെല്ലാം വ്യക്തികളെ നയിക്കുമെന്ന് നമുക്കറിയാം. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ കൂടെക്കൂടെ ഇത് പരിശോധിച്ച് നോര്‍മലാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 

120/80 mmHg ആണ് നോര്‍മല്‍ ബിപി റീഡിംഗ്. ഇത് പുരുഷന്മാരിലും സ്ത്രീകളിലുമെല്ലാം ഒരുപോലെയാണ് കണക്കാക്കുന്നത്. ഈ അളവില്‍ നിന്ന് കൂടുകയാണെങ്കില്‍ അത് ഹൈപ്പര്‍ടെൻഷനിലേക്കുള്ള സാധ്യത തുറക്കുകയായി.

ഹൈപ്പര്‍ടെൻഷൻ ആദ്യമേ സൂചിപ്പിച്ചത് പോലെ പല പ്രശ്നങ്ങളിലേക്കും നയിക്കുമെങ്കിലും ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം. ഹൃദയാഘാതമെല്ലാം ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. കേട്ടിട്ടില്ലേ? ബിപി കൂടി പെട്ടെന്ന് ആശുപത്രിയിലെത്തിച്ചു. എങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിച്ചു എന്നെല്ലാം പറയുന്നത്. അത്രമാത്രം പ്രധാനമാണ് ബിപി വര്‍ധിക്കുന്നത്. 

എന്നാല്‍ പുരുഷന്മാരിലും സ്ത്രീകളിലും ബിപി ഒരുപോലെ കണക്കാക്കരുതെന്ന വാദം നേരത്തെ തന്നെ ഉണ്ട്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. കാലിഫോര്‍ണിയയിലെ ‘സെഡാര്‍സ്- സിനായ് മെഡിക്കല്‍ സെന്‍ററി’ലെ ‘സ്മിഡ്റ്റ് ഹാര്‍ട്ട് ഇൻസ്റ്റിറ്റ്യൂട്ടി’ ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

ഇവിടത്തെ കാര്‍ഡിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സൂസൻ ചെങ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ബിപി പുരുഷന്മാരെ താരതമ്യപ്പെടുത്തുമ്പോള്‍ സ്ത്രീകളില്‍ കുറവാണ് കാണപ്പെടുകയെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇത് സ്ത്രീകളുടെ ആകെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്താറുണ്ടെന്നും ഇവരുടെ പഠനം വിലയിരുത്തുന്നു. 

120mmHg എന്നത് സിസ്റ്റോളിക് ബ്ലഡ് പ്രഷറും 80 mmHg എന്നത് ഡയസ്റ്റോളിക് ബ്ലഡ് പ്രഷറുമാണ്. ഇതില്‍ 120 mmHg പുരുഷന്മാരില്‍ നോക്കുമ്പോള്‍ സ്ത്രീകളില്‍ നോക്കേണ്ടത് 110 mmHg ആണെന്ന് പഠനം വിശദീകരിക്കുന്നു. ഇത്തരത്തില്‍ ബിപി പരിശോധനയില്‍ ലിംഗവ്യത്യാസം പരിഗണിക്കണമെന്നാണ് പഠനം ആവശ്യപ്പെടുന്നത്. 

സ്ത്രീകളില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതലായി കാണപ്പെടാനുള്ള കാരണവും ബിപിയിലെ ഈ വ്യത്യാസമാണെന്ന് പഠനം പറയുന്നു. ഡോ. സൂസൻ ചെങ് നേരത്തെ ചെയ്തൊരു പഠനപ്രകാരം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ രക്തക്കുഴലുകള്‍ക്ക് വേഗത്തില്‍ പ്രായമാകും. പുരുഷന്മാരുടെയും സ്ത്രീകളുടെയും ശരീരപ്രകൃതവും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം ഇത്തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ഇതനുസരിച്ച് വേണം അസുഖങ്ങളും ആരോഗ്യപ്രശ്നങ്ങളും വിലയിരുത്തി വൈദ്യസഹായം നല്‍കേണ്ടതെന്നുമാണ് ഇവര്‍ പഠനങ്ങളിലൂടെ ആവശ്യപ്പെടുന്നത്.