താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്‍റെ കബറിടം വെളിപ്പെടുത്തി താലിബാന്‍

Share Now

കാബൂള്‍:  താലിബാന്‍ സ്ഥാപകന്‍ മുല്ല ഒമറിന്‍റെ കബറിടം അഫ്ഗാനിസ്ഥാനിലെ സാബുല്‍ പ്രവിശ്യയിലെ സുരി ജില്ലയില്‍ ഒമര്‍സോയിലാണെന്ന് വെളിപ്പെടുത്തലുമായി താലിബാന്‍. 9 വര്‍ഷത്തോളം രഹസ്യമായി സൂക്ഷിച്ച ശേഷമാണ് സംഘടന തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കബറിടത്തില്‍ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിന്‍റെ വിവരവും താലിബാന്‍ വക്താവ് സബീബുല്ല മുജാഹിദ് പുറത്ത് വിട്ടു. മുല്ല ഒമറിന്‍റെ മരണം സംബന്ധിച്ച് ഓട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 2001 ല്‍ അമേരിക്ക, താലിബാനെ അഫ്ഗാനിസ്ഥാന്‍റെ അധികാരത്തില്‍ നിന്നും നിഷ്കാസിതനാക്കിയത് മുതല്‍ ഇയാളുടെ ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. 2013 ല്‍ 55 -മത്തെ വയസിലാണ്  മരിച്ചതെങ്കിലും 2015 ലാണ് താലിബാന്‍ മുല്ല ഒമറിന്‍റെ മരണം സ്ഥിരീകരിച്ചത്. 

20 വര്‍ഷം അധികാരത്തിന് പുറത്തിരുന്ന താലിബാന്‍ അമേരിക്കന്‍ സൈന്യത്തിന്‍റെ പിന്മാറ്റത്തെ തുടര്‍ന്ന് 2021 ഓഗസ്റ്റ് 15 നാണ് വീണ്ടും അഫ്ഗാനിസ്ഥാന്‍റെ അധികാരത്തിലേക്ക് തിരിച്ചെത്തിയത്. മുല്ല ഒമറിന്‍റെ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് കബറിടത്തെ കുറിച്ച് അറിവുണ്ടായിരുന്നത്. ഇത്രയും കാലം ശത്രുവിന്‍റെ കീഴിലായിരുന്നതിനാലും കബറിടത്തിന് നാശം സംഭവിക്കാതിരിക്കാനുമാണ് ഇത് രഹസ്യമായി സൂക്ഷിച്ചതെന്നും സബീബുല്ല കൂട്ടിചേര്‍ത്തു. പച്ച ചായമടിച്ച ഇരുമ്പുകൂടിനുള്ളില്‍ വെളുത്ത ചായമടിച്ച കബറിടത്തിന് ചുറ്റും താലിബാന്‍ നേതാക്കള്‍ നില്‍ക്കുന്ന ചിത്രവും താലിബാന്‍ പുറത്ത് വിട്ടു. നിലവില്‍ ജനങ്ങള്‍ക്ക് കബറിടം സന്ദര്‍ശിക്കുന്നതിന് തടസങ്ങളില്ലെന്നും സബീബുള്ള പറഞ്ഞു. 

സോവിയേറ്റ് സൈന്യവുമായുള്ള നീണ്ട ആഭ്യന്തരയുദ്ധത്തെ നേരിടുന്നതിന് 1993 ലാണ് മുല്ല ഒമര്‍ താലിബാന്‍ സ്ഥാപിക്കുന്നത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടുന്ന, അതി കഠിനമായ ശിക്ഷാ വിധികളുള്ള ഇസ്ലാമിക നിയമങ്ങളുടെ ശക്തമായ തിരിച്ച് വരവായിരുന്നു പിന്നീട് അഫ്ഗാനിസ്ഥാനില്‍ ലോകം കണ്ടത്. ഒമറിന്‍റെ ഓര്‍മ്മ പുതുക്കലിന് പിന്നാലെ പഞ്ചശീര്‍ താഴ്വരയില്‍ താലിബാനെയും സോവിയേറ്റ് യൂണിയനെയും എക്കാലവും പ്രതിരോധിച്ചിരുന്ന അഹമ്മ് ഷാ മസൂദിന്‍റെ കബറിടം നശിപ്പിക്കുമെന്ന് താലിബാന്‍ വക്താവ് പറഞ്ഞു. താലിബാന്‍റെ ഏക്കാലത്തെയും ഏതിരാളിയായിരുന്ന അഹമ്മ് ഷാ മസൂദ് അൽ-ഖ്വയ്ദയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ സൈനികര്‍ അൽ-ഖ്വയ്ദ തലവനായ ഒസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയപ്പോള്‍ ശരീരം കടലില്‍ നിക്ഷേപിക്കുകായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭാവിയില്‍ ഒസാമ ബിന്‍ ലാദന്‍റെ കബറിടം ഒരു തീര്‍ത്ഥാടന കേന്ദ്രമാവാതിരിക്കാനാണ് ഈ നടപടിയെന്നും അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.