2030 -ഓടെ ബഹിരാകാശ സഞ്ചാരികൾക്ക് ചന്ദ്രനിൽ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കുമെന്ന് നാസ

Share Now

ചന്ദ്രനിലേക്ക് ഒരു യാത്ര പോയാലോ? എപ്പോഴും നാം കേൾക്കാറുള്ളത് പോലെ എപ്പോഴെങ്കിലും നടക്കുമായിരിക്കും എന്ന് നമ്മൾ കരുതുന്ന ഒരു സ്വപ്നത്തെ കുറിച്ചല്ല പറയുന്നത്. തീർച്ചയായും നടക്കാൻ സാധ്യതയുള്ള ഒരു സ്വപ്നത്തെ കുറിച്ച് തന്നെയാണ്. ചന്ദ്രനിൽ ജീവിക്കുക എന്ന ആശയം എത്രയോ വർഷങ്ങളായി നാം മനസ്സിൽ താലോലിക്കുന്നതാണ്. ചന്ദ്രനിൽ നിന്ന് നമ്മുടെ ഗ്രഹത്തിലേക്ക് നോക്കുന്നതിനോളം മനോഹരമായ മറ്റൊരു കാഴ്ച ഉണ്ടായിരിക്കുകയില്ല. ഏതായാലും ആ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാകാൻ ഇനി അധികം കാലം വേണ്ടിവരില്ല എന്നാണ് നാസ ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. നാസയിലെ ഒരു ഉദ്യോഗസ്ഥന്റെ അഭിപ്രായത്തിൽ ഈ ദശകത്തിന്റെ അവസാനത്തോടെ ഇത് സാധ്യമായേക്കാം. 

2030 -ന് മുമ്പ് മനുഷ്യർക്ക് ചന്ദ്രനിൽ സജീവമായി പ്രവർത്തിക്കാൻ കഴിയുമെന്ന് യുഎസ് ഏജൻസിയുടെ ഓറിയോൺ ചാന്ദ്ര ബഹിരാകാശ പദ്ധതിയുടെ തലവൻ ഹോവാർഡ് ഹു അഭിപ്രായപ്പെട്ടു. മനുഷ്യന് ചന്ദ്രനിൽ ആവാസ വ്യവസ്ഥ ഉണ്ടായിരിക്കുമെന്ന് മാത്രമല്ല ഹോവാർഡ് പറയുന്നതനുസരിച്ച്, മനുഷ്യനെ ജോലിയിൽ സഹായിക്കാൻ ചുറ്റും റോവറുകളും ഉണ്ടാകും എന്നാണ് പറയുന്നത്.

“തീർച്ചയായും ഈ ദശകത്തിന്റെ അവസാനത്തോടെ ആളുകൾ ചന്ദ്രനിലേക്ക് പോകും. അവിടെ അവർക്ക് ആവാസവ്യവസ്ഥകൾ ഉണ്ടായിരിക്കും എന്ന് മാത്രമല്ല അവരുടെ ജോലിയിൽ സഹായിക്കാൻ അവിടെ റോവറുകളും ഉണ്ടായിരിക്കും” എന്നാണ് അദ്ദേഹം പറയുന്നത്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഹോവാർഡ് ഹൂ ഇക്കാര്യം വ്യക്തമാക്കിയത്. നാസയുടെ ഓറിയോണിന്റെ രൂപകൽപ്പന, വികസനം, ഉൽപ്പാദനം, പ്രവർത്തനങ്ങൾ എന്നിവയുടെ ഉത്തരവാദിത്തം വഹിക്കുന്ന ലീഡ് ഓറിയോൺ മാനേജർ ആണ് ഹോവാർഡ് ഹു. 

നാസയുടെ സ്വപ്ന പദ്ധതിയായ ചൊവ്വയിലെ ഈ മനുഷ്യ ദൗത്യം മുന്നോട്ടുള്ള പര്യവേഷണ പ്രവർത്തനങ്ങളുടെ  നാഴികക്കല്ലായിരിക്കും. ഈ പദ്ധതിയുടെ സാക്ഷാത്കാരത്തിനായി ലോകം മുഴുവനും ഉള്ള ശാസ്ത്ര പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.