തുടക്കം ഞെട്ടിച്ച് ഓസ്ട്രേലിയ: തകർപ്പൻ തുടക്കവുമായി ഫ്രാൻസ്

Share Now

ദോഹ: ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാർ തോറ്റു തുടങ്ങുന്ന സമീപകാല പതിവ് കാറ്റിൽ പറത്തി ഫ്രാന്‍സ്. ഓസ്ട്രേലിയക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്‍റെ വിജയം. ഒളിവര്‍ ജിറൂഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റാബിയോട്ടും എംബാപ്പെയുമാണ് ഫ്രാന്‍സിന്‍റെ ഗോള്‍ പട്ടിക തികച്ചത്. ഗുഡ്‌വിനാണ് ഓസീസിനായി ഫ്രഞ്ച് വല കുലുക്കിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിലെ ഒമ്പതാം മിനിറ്റില്‍ സൗട്ടര്‍ നല്‍കിയൊരു ലോംഗ് ബോള്‍ പിടിച്ചെടുത്ത് ഓടിയെത്തിയെ ഹെര്‍ണാണ്ടസിനെ മറികടന്ന് വലതു വിംഗില്‍ നിന്ന് ലെക്കി നല്‍കിയ മനോഹരമായൊരു ക്രോസില്‍ ക്ലിനിക്കല്‍ ഫിനിഷിംഗിലൂടെ ഗുഡ്‌വിലാണ് ഓസ്ട്രേലിയയെ മുന്നിലെത്തിച്ചത്. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്.
സമനില ഗോളിനായി ഒന്നിന് പുറകെ ഒന്നായി ആക്രമണം തൊടുത്തുവിട്ട ഫ്രാന്‍സ് കാത്തിരുന്ന ഗോള്‍ 27-ാം മിനിറ്റില്‍ റാബിയോട്ടിന്‍റെ തലയില്‍ നിന്ന് പിറന്നു. ഹെര്‍ണാണ്ടസ് ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസില്‍ റാബിയോട്ടിന്‍റെ മനോഹര ഹെഡ്ഡറിലൂടെ ഓസീസ് വല കുലുക്കി. തൊട്ടുപിന്നാലെ കിലിയന്‍ എംബാപ്പെയുടെ മനോഹരമായൊരു ബാക് ഹില്‍ പാസില്‍ നിന്ന് റാബിയോട്ടാണ് ഫ്രാന്‍സിന്‍റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
രണ്ടാം പകുതിയിലും ഫ്രാന്‍സ് ഓസ്‌ട്രേലിയൻ ഗോൾ മുഖത്തേക്ക് ഇരച്ചുകയറി. 68-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയും ഓസീസ് ഗോള്‍വലയില്‍ പന്തെത്തിച്ചു. ബോക്സിന് തൊട്ടുപുറത്തു നിന്ന് ഡെംബെലെ നല്‍കി ക്രോസില്‍ എംബാപ്പെയുടെ ഹെഡ്ഡര്‍ ഗോൾ. തൊട്ടുപിന്നാലെ എംബാപ്പെയുടെ അസിസ്റ്റില്‍ ജിറൂഡിന്‍റെ(71) രണ്ടാം ഗോളും നേടി.