‘ഇന്ത്യയുടെ റാങ്ക് കുറയ്ക്കുന്ന ചില ആഗോള സൂചികകള്‍ നവ-കൊളോണിയലിസത്തിന്റെ പുതിയ രൂപങ്ങള്‍’

Share Now

ദില്ലി: പത്ര സ്വതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ആഗോള സൂചികകളില്‍ ഇന്ത്യന്‍ റാങ്കിംഗ് തുടര്‍ച്ചയായി ഇടിയുന്ന തരത്തിലുള്ള സമീപ വർഷങ്ങളിലെ പ്രവണതയെ അവഗണിക്കുന്നതാണ് നല്ലതെന്ന് സഞ്ജീവ് സന്യാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ (ഇഎസി) അംഗമാണ് സഞ്ജീവ് സന്യാൽ.

ഇഎസി ഡെപ്യൂട്ടി ഡയറക്ടർ ആകാൻക്ഷ അറോറയ്ക്കൊപ്പം ആഗോള സൂചികളുമായി ബന്ധപ്പെട്ട ഇന്ത്യന്‍ വിഷയങ്ങളുടെ പ്രശ്നങ്ങള്‍ പഠിച്ച പേപ്പറിന്‍റെ രചിതാവാണ് സന്യാൽ. ഇത്തരം സൂചികകളെ സംബന്ധിച്ച് അറിയപ്പെടുന്ന പാശ്ചാത്യ സ്ഥാപനങ്ങള്‍ അന്വേഷിക്കുകയും “ആഴമില്ലാത്തതും സുതാര്യമില്ലാത്തതും അശാസ്ത്രീയവുമായ പഠനങ്ങളുമാണ്” ഇത്തരം സൂചികകളുടെ അടിസ്ഥാനം എന്ന് കണ്ടെത്തുകയും ചെയ്തുവെന്നാണ് സന്യാല്‍ പറയുന്നത്. 

‘എന്തുകൊണ്ടാണ് ഇന്ത്യ ആഗോള സൂചികകളിൽ മോശമാകുന്നത്’ എന്ന തലക്കെട്ടിലാണ് ഇവരുടെ പ്രബന്ധം തയ്യാറാക്കിയിരിക്കുന്നത്. ആഗോള സൂചികകളില്‍ എല്ലാം പൊതുവായി ചില കാര്യങ്ങള്‍ എടുത്തുകാണിക്കുന്നു. അവ കുറച്ച് വിദഗ്ധരുടെ ധാരണകളിൽ നിന്നോ അഭിപ്രായങ്ങളിൽ നിന്നോ ഉരുത്തിരിഞ്ഞവയാണ്, സഞ്ജീവ് സന്യാൽ പറയുന്നു. 

നിര്‍ണ്ണായക തീരുമാനം എടുക്കുന്ന ആഗോള ഇടങ്ങളില്‍ ഇത്തരം പാശ്ചാത്യ ചിന്തകള്‍ ഉത്പാദിപ്പിക്കുന്ന ചെറിയ സംഘങ്ങള്‍ സ്വാധീനം ചെലുത്തുന്നത് നവ-കൊളോണിയലിസത്തിന്റെ പുതിയ രൂപമാണ്. ഇത് വെല്ലുവിളിക്കപ്പെടേണ്ടതുണ്ട് സഞ്ജീവ് സന്യാൽ പറഞ്ഞു. തീര്‍ത്തും ചില മുന്‍ധാരണകള്‍ വച്ച് നടത്തുന്ന അഭിപ്രായത്തെ അടിസ്ഥാനമാക്കിയുള്ള സൂചികകൾ ലോകബാങ്കിന്റെ ലോക ഭരണ സൂചികയിലേക്ക് ഇൻപുട്ടായി കണക്കിലെടുക്കുന്നത് ആശങ്കയുള്ള കാര്യമാണെന്ന് സന്യാൽ പറഞ്ഞു. 

ആകാൻക്ഷ അറോറയും സന്യാലും തയ്യാറാക്കിയ പേപ്പര്‍ പ്രകാരം, ലോകബാങ്കിന്റെ ലോക ഭരണ സൂചിക പ്രധാനമായും അടിസ്ഥാനമാക്കിയത് മൂന്ന് സൂചികകളാണ്. ഫ്രീഡം ഇൻ ദി വേൾഡ് ഇൻഡക്സ്, ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് (EIU) ഡെമോക്രസി ഇൻഡക്സ് V -DEM എന്നിവ. ഇവ മൂന്നും ചില മുന്‍ ധാരണകള്‍ക്ക് അടിസ്ഥാനമാണെന്ന് സഞ്ജീവ് സന്യാൽ പറയുന്നു. 

ഇത്തരം സൂചികകള്‍ ഇറക്കുന്ന സ്ഥാപനങ്ങള്‍ ഇതിന്‍റെ പഠനത്തിനായി വിദഗ്‌ധരെ എങ്ങനെ തിരഞ്ഞെടുത്തു എന്നതിനെക്കുറിച്ചോ, ഈ വിദഗ്ധരുടെ ദേശീയത എന്താണെന്നോ, വിദഗ്ധരില്‍ എത്രത്തോളം വൈവിദ്ധ്യമുണ്ട് തുടങ്ങിയ കാര്യങ്ങളില്‍  സുതാര്യത നൽകുന്നില്ല. വി-ഡിഇഎമ്മിന്റെ കാര്യത്തിൽ ഒഴികെ, ഓരോ രാജ്യത്തുനിന്നും വിവിധ മേഖലകളിൽ നിന്നുള്ള ചില വിദഗ്ധരെ അവർ തിരഞ്ഞെടുത്തുവെന്ന് മാത്രമാണ് വ്യക്തമാക്കുന്നത് എന്നാണ് സഞ്ജീവ് സന്യാൽ പറയുന്നത്. 

ഉദാഹരണത്തിന്, അക്കാദമിക് രംഗത്തെ വിദഗ്ധര്‍, ബുദ്ധി ജീവികള്‍, മനുഷ്യാവകാശ രംഗത്തെ വിദഗ്ധര്‍ എന്നിവരും. സൂചിക തയ്യാറാക്കുന്ന സ്ഥാപനത്തിലെ അനലിസ്റ്റുകൾ, കൺസൾട്ടന്റുമാർ, വിശകലന വിദഗ്ധർ, വിദഗ്ധ ഉപദേഷ്ടാക്കൾ എന്നിവരുടെ ഒരു ടീമും ചേര്‍ന്നാണ് സൂചികയ്ക്ക് ആവശ്യമായ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ഫ്രീഡം ഹൗസ് റിപ്പോർട്ട് പരാമർശിക്കുന്നു. എന്നാല്‍ ഇവര്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്ന് അവരുടെ തെരഞ്ഞെടുപ്പിന്‍റെ മാനദണ്ഡം എന്നിവ അജ്ഞാതമാണ് സഞ്ജീവ് സന്യാൽ പറയുന്നു.

ഈ സൂചികകൾ തയ്യാറാക്കുന്നത് ഒരു കൂട്ടം ചോദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത്തരം പഠനത്തിന് ഉപയോഗിക്കുന്ന ചോദ്യങ്ങള്‍ക്ക് വിദഗ്ധർക്ക് വളരെ വ്യത്യസ്തമായി ഉത്തരം നൽകാൻ കഴിയും. എന്നാല്‍ ഉപയോഗിക്കുന്ന ചോദ്യങ്ങള്‍ തീര്‍ത്തും സബ്ജക്ടീവ് ആയിരിക്കും. അതിനാൽ, എല്ലാ രാജ്യങ്ങൾക്കും ഒരേ ചോദ്യങ്ങൾ നൽകുന്നത്, ഇത് വ്യത്യസ്ത രാജ്യങ്ങള്‍ക്ക് ലഭിക്കുന്ന സ്കോറിനെ മാറ്റിമറിക്കുന്നു. ഒപ്പം തന്നെ ചോദ്യങ്ങൾ രൂപപ്പെടുത്തിയ രീതിയും സ്‌കോറുകളെ സ്വാധീനിക്കും. 

ഉദാഹരണത്തിന്, ‘രാഷ്ട്രത്തലവൻ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടതാണോ?’ എന്ന ഒരു ചോദ്യം പരിഗണിച്ചാല്‍. ഇത് യുകെ, ഡെൻമാർക്ക്, സ്വീഡൻ, നോർവേ, ബെൽജിയം, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രതികൂലമായ ഉത്തരം ലഭ്യമാക്കും. കാരണം ഈ രാജ്യങ്ങൾ ഭരണഘടനാപരമായ രാജവാഴ്ചയാണ്. ഒരു രാജ്യത്തെ ജനാധിപത്യ സാഹചര്യം വിലയിരുത്താൻ ശ്രമിക്കുന്ന ഒരു സൂചികയിൽ ഇത്തരമൊരു ചോദ്യം ചോദിക്കുന്നത് യുക്തിരഹിതമല്ലെന്ന് ആരും സമ്മതിക്കും പ്രബന്ധത്തില്‍ പറയുന്നു.

വാർഷിക ഫ്രീഡം ഹൗസ് റിപ്പോർട്ടുകളുടെ വിശകലനം കാണിക്കുന്നത് അവർ ചില പ്രശ്നങ്ങൾ തിരഞ്ഞെടുക്കുകയും ചില മാധ്യമ റിപ്പോർട്ടുകൾ ഉപയോഗിച്ച് വിധി പറയുകയും ചെയ്യുന്നുവെന്നാണ് എന്ന് വിദഗ്ധർ പറഞ്ഞതായി ആകാൻക്ഷ അറോറയ്ക്കൊപ്പം തയ്യാറാക്കിയ പ്രബന്ധത്തില്‍  സഞ്ജീവ് സന്യാൽ പറയുന്നു.

ഒരു പ്രത്യേക കാഴ്ചപ്പാട് അടിസ്ഥാനമാക്കിയുള്ള സൂചികകളിൽ ഉപയോഗിക്കുന്ന പഠനരീതികളില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് സഞ്ജീവും ആകാൻക്ഷയും പറയുന്നു. പ്രധാനമായും അവ ഒരു ചെറിയ കൂട്ടം അജ്ഞാതരായ ‘വിദഗ്ധരുടെ’ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നത് തന്നെയാണ് പ്രശ്നം. അതേ സമയം സൂചിക തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ചില ചോദ്യങ്ങൾ ചില രാജ്യങ്ങളിലെ ജനാധിപത്യ സംവിധാനത്തോട് തന്നെ അനുചിതമായ ചോദ്യങ്ങളാണ്.

ഈ സൂചികകള്‍ ഉപയോഗിക്കുന്നതിനെതിരെ ഇന്ത്യൻ സര്‍ക്കാര്‍ ലോകബാങ്കിനെ സമീപിക്കണമെന്നും. ഈ സൂചികകളിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തവും സുതാര്യതയും ആവശ്യപ്പെടണമെന്നും ആകാൻക്ഷ അറോറയ്ക്കൊപ്പം തയ്യാറാക്കിയ പ്രബന്ധത്തില്‍ പറയുന്നു. അതേസമയം സമാനമായി ഇത്തരം പ്രത്യേക ലക്ഷ്യം വച്ചുള്ള സൂചികകൾ ചെയ്യാൻ സ്വതന്ത്ര ഇന്ത്യൻ ബുദ്ധിജീവികളെ പ്രോത്സാഹിപ്പിക്കുന്ന ചില പാശ്ചാത്യ സ്ഥാപനങ്ങളുടെ കുത്തക അവസാനിപ്പിക്കണമെന്നും ഈ പ്രബന്ധം പറയുന്നു.