‘രണ്ട് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്ക് വിഷമം?’ വിഭാഗീയത ആരോപണത്തിനെതിരെ തരൂർ

Share Now

കണ്ണൂർ : കോൺഗ്രസിൽ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ ശശി തരൂർ. തനിക്കെതിരെ ഉയർന്ന  വിഭാഗീയതയെന്ന ആരോപണം വിഷമമുണ്ടാക്കുന്നതാണെന്ന് ശശി തരൂർ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. മലബാറിൽ വ്യത്യസ്ത പരിപാടികളിലാണ് താൻ പങ്കെടുത്തത്. അതിൽ മതമേലധ്യക്ഷൻമാരെ സന്ദർശിക്കുന്നതും പൊവിഡൻസ് വിമൺസ് കോളേജ് സന്ദർശനവും മറ്റ് സെമിനാറുകളുമടക്കമുണ്ട്. എല്ലാം പൊതുപരിപാടികളാണ്. ഇതിൽ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് എനിക്കറിയണമെന്നും തരൂർ പറഞ്ഞു. 

ആരേയും അധിക്ഷേപിക്കുന്ന വ്യക്തിയല്ല താനെന്നും ശശി തരൂർ ആവർത്തിച്ചു. മലബാർ ഭാഗത്തേക്കുള്ള ഈ സന്ദർശനം കോഴിക്കോട് എംപി എംകെ രാഘവൻ ആവശ്യപ്പെട്ടതിനാലാണ്. രണ്ട് കോൺഗ്രസ് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്കാണ് വിഷമമെന്ന ചോദ്യമുയർത്തിയ തരൂർ, തന്നെ ആരെങ്കിലും ഭയക്കുന്നുണ്ടോയെന്നത് തനിക്കും അറിയണമെന്നും മാധ്യമങ്ങളോടുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.

അതിനിടെ, ശശി തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എംകെ രാഘവൻ എം പി ഹൈക്കമാന്റിന് കത്തയച്ചു. തരൂരിനെ വിലക്കിയവർക്കെതിരെ നടപടി വേണമെന്നാണ് കത്തിലെ ആവശ്യം. രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖർഗെ എന്നിവർക്കാണ് കത്തയച്ചത്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ശക്തമായ മത്സരം കാഴ്ചവെച്ചതിന് പിന്നാലെ ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്നും യൂത്ത് കോൺഗ്രസ്‌ പിൻവാങ്ങിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കത്തയച്ചത്.