കോതിയിൽ മാലിന്യ പ്ലാന്റിനെതിരെ തെരുവിൽ പ്രതിഷേധം; സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പൊലീസിന്റെ ബലപ്രയോഗം

Share Now

കോഴിക്കോട് : കോതിയിൽ മാലിന്യ സംസ്കരണ പ്ലാന്റ് നിർമാണത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് നടത്തിയ സമരത്തിന് നേരെ പൊലീസിന്റെ ബലപ്രയോഗം. പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് ബലംപ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പ്രദേശവാസികളായ സ്ത്രീകളുടെ നേതൃത്വത്തിൽ ഉപരോധിച്ചത്.

മുദ്രാവാക്യം വിളികളോടെ റോഡിൽ പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ സ്ഥലത്ത് നിന്നും മാറ്റാൻ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലേക്ക് എത്തിയത്. സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാൻ കുട്ടി ശ്രമിച്ചതോടെയാണ് പൊലീസ് കുട്ടിയെയും സ്ഥലത്ത് നിന്നും ബലപ്രയോഗത്തിലൂടെ എടുത്തു മാറ്റിയത്. കുട്ടിക്ക് നേരെ പൊലീസ് ബലപ്രയോഗം നടത്തിയതിനെതിരെ ബന്ധുക്കൾ രംഗത്തെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.