മുസ്ലീംലീഗിന് പിന്നാലെ തരൂരിനെ പിന്തുണച്ച് ജോസഫ് പക്ഷവും? തരൂര്‍ ജനങ്ങൾ സ്നേഹിക്കുന്ന നേതാവെന്ന് മോൻസ് ജോസഫ്

Share Now

കോട്ടയം: മുസ്ലീം ലീഗിന് പിന്നാലെ കൂടുതൽ യുഡിഎഫ് കക്ഷികൾ ശശി തരൂരിനെ പിന്തുണച്ച് രംഗത്ത്. ശശി തരൂരിൻ്റെ കോട്ടയത്തെ സന്ദര്‍ശനത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും തരൂര്‍ യുഡിഎഫിൻ്റെ പ്രമുഖ നേതാവാണെന്നും അദ്ദേഹത്തിന് അതിൻ്റെ സ്വീകാര്യതയുണ്ടെന്നും ജനങ്ങൾക്ക് അദ്ദേഹത്തോട് സ്നേഹമുണ്ടെന്നും കേരള കോണ്‍ഗ്രസ് പിജെ  ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് പറഞ്ഞു. തരൂര്‍ കോട്ടയത്ത് എത്തുന്നത് പൊസീറ്റിവായ കാര്യമാണെന്നും അനാവശ്യ വിവാദം ഇക്കാര്യത്തിൽ ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും യുഡിഎഫിനെ നല്ല രീതിയിൽ വിഡി സതീശൻ നയിക്കുന്നുണ്ടെന്നും പിജെ ജോസഫ് വിഭാഗം പറഞ്ഞു. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒറ്റക്കെട്ടായിട്ടാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. ആ ഐക്യം നിലനിര്‍ത്തിയാൽ യുഡിഎഫിന് തിരിച്ചു വരാനാകുമെന്നും ആ ഐക്യത്തിന് ദോഷം വരുന്നത് ആരും ചെയ്യരുതെന്നും മോൻസ് ജോസഫ് പറഞ്ഞു. 

അതേസമയം തരൂർ തർക്കത്തിൽ വി.ഡി സതീശനെ ന്യായീകരിച്ചും കെ.മുരളീധരനെ തള്ളിയും രമേശ് ചെന്നിത്തല രംഗത്ത് എത്തി.  പ്രതിപക്ഷ നേതാവിന്റെ ബലൂൺ പ്രയോഗം ശശി തരൂരിനെ ഉദ്ദേശിച്ചല്ലെന്നും പാർട്ടിയിൽ ആരെയും ഭയക്കേണ്ട സാഹചപര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. എല്ലാവർക്കും അഭിപ്രായം പറയാനുള്ള ഇടം കോൺഗ്രസ്സിലുണ്ട്. അതേസമയം ഏത് കുപ്പായം തുന്നിക്കണമെങ്കിൽ നാല് വർഷം കാത്തിരിക്കണമെന്നും ഇപ്പോഴേ ഒന്നും തയ്പ്പിക്കേണ്ടതില്ലെന്നും കെ. മുരളീധരൻ്റെ പരാമർശത്തിന് മറുപടിയായി ചെന്നിത്തല പറഞ്ഞു.