യുഎഇയില്‍ അപകടത്തെ തുടര്‍ന്ന് അടച്ചിട്ട റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു

Share Now

അബുദാബി: അബുദാബിയില്‍  വാഹനാപകടത്തെ തുടര്‍ന്ന് താത്കാലികമായി അടച്ചിട്ടിരുന്ന റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. സ്വൈഹാനില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടതിന് പിന്നാലെയാണ് റോഡ് അടച്ചത്. തുടര്‍ന്ന് റോഡിലെ തടസങ്ങള്‍ നീക്കി ഗതാഗത യോഗ്യമാക്കിയ ശേഷമാണ് അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയും റോഡ് വ്യാഴാഴ്ച വീണ്ടും ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. സ്വൈഹാന്‍ റോഡില്‍ അല്‍ ശംഖ ബ്രിഡ്ജിന് മുന്നില്‍ ഒരു ട്രക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചു. തുടര്‍ന്ന് റോഡ് താത്കാലികമായി അടച്ചതായി അബുദാബി പൊലീസ് ട്വീറ്റ് ചെയ്‍തു. സ്വൈഹാന്‍ റോഡിലെ അല്‍ ശംഖ ബ്രിഡ്‍ജ് മുതല്‍ അല്‍ ഫലഹ് അല്‍ ഥാനി ബ്രിഡ്‍ജ് വരെയുള്ള ഭാഗത്താണ് ഇരു ദിശകളിലും ഗതാഗതം തടഞ്ഞത്.