വിഴിഞ്ഞം; അതിജീവന സമരം ശക്തമായി തുടരാൻ തീരുമാനമെന്ന് സമരസമിതി

Share Now

തിരുവനന്തപുരം: വിഴിഞ്ഞം അതിജീവന സമരം ശക്തമായി തുടരാൻ സമരസമിതി തീരുമാനം. ബുധനാഴ്ചയും ഇന്നലെയുമായി നടന്ന സമരസമിതി ചര്‍ച്ചയിലും അതിരൂപതയില്‍ നടന്ന വൈദികരുടെ ചര്‍ച്ചയിലും ഇത് സംബണ്ഡിച്ച തീരുമാനമുണ്ടായതായി നേതാക്കൾ അറിയിച്ചു. കോടതി ഇടപെടലിന്‍റെ പശ്ചാത്തലത്തിൽ സമരത്തിൽ നിന്ന് മത്സ്യത്തൊഴിലാളികൾ പിന്നോട്ട് പോകുമെന്ന അവ്യൂഹത്തിനിടയിലാണ് തങ്ങൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങളും സർക്കാർ അംഗീകരിക്കും വരെ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് സമരസമിതി അറിയിച്ചത്. 

കഴിഞ്ഞ ആഗസ്റ്റ് 16 ന് വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തിയുള്ള സമരം ആരംഭിച്ച ശേഷം സർക്കാരുമായി നടത്തിയ ചർച്ചകളിൽ എടുത്ത തീരുമാനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവര്‍ പിന്നോട്ട് പോയതായി സമരസമിതി നേതാക്കൾ ആരോപിച്ചു. അതിനാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നേതാക്കളുമായി നടന്ന ചർച്ചയിലും സമരം സമാധാനപരമായ രീതിയിൽ ശക്തമായി തുടരാനാന്‍ തീരുമാനിച്ചതെന്നും സമര സമിത നേതാക്കള്‍ പറഞ്ഞു. 101-ാം ദിവസമായ മുല്ലൂരിലെ സമര പന്തലും 26 ദിവസം മുമ്പ് തുറമുഖത്തിനുള്ളിൽ ആരംഭിച്ച സമരപന്തലിലും ഇന്നലെയും സമരം സജീവമായിരുന്നു. വെട്ടുകാട് ഇടവകയിലെ നിരവധി മത്സ്യത്തൊഴിലാളികൾ ഇന്നലെ സമരത്തിന് പിന്തുണയറിയിച്ച് പന്തലിൽ വന്ന് മടങ്ങി.