മണ്ണ് മാഫിയ വീട് തക‍‍ർത്ത സംഭവം: സംരക്ഷണ ഭിത്തി കെട്ടിനൽകാൻ കളക്ടറുടെ ഉത്തരവ്

Share Now

കൊല്ലം: കുണ്ടറയിൽ നിര്‍ധന കുടുംബത്തിന്റെ വീടിന്റെ അടിത്തറ മണ്ണ് മാഫിയ തോണ്ടിയ സംഭവത്തിൽ പഞ്ചായത്തിന്റെ ഭാഗത്ത് വീഴ്ചയെന്ന് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. മണ്ണെടുത്ത ഭാഗത്ത് കുണ്ടറ പഞ്ചായത്ത് അടിയന്തിരമായി സംരക്ഷണ ഭിത്തി കെട്ടണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അതേസമയം, വീട് നഷ്ടമായ മുളവന സ്വദേശി സുമക്ക് പുതിയ വീട് വച്ച് നൽകുന്ന കാര്യത്തിൽ പഞ്ചായത്തിന് ഇപ്പോഴും വ്യക്തതയില്ല.

നേരത്തെ ജിയോളജി വകുപ്പിനോട് റവന്യൂ വകുപ്പ് റിപ്പോർട്ട് തേടിയിരുന്നു. ഇത്രയധികം മണ്ണ് നഷ്ടപ്പെടാൻ കാരണം മേൽനോട്ടത്തിൽ പഞ്ചായത്തിനുണ്ടായ ശ്രദ്ധക്കുറവാണെന്നാണ് കണ്ടെത്തൽ. അനുവദനീയമായതിലുമധികം മണ്ണ്, മാഫിയ സംഘം കടത്തി.
പഞ്ചായത്ത് സെക്രട്ടറി ഡവലപ്മെന്റ് പെര്‍മിറ്റ് നൽകിയപ്പോൾ ശുപാര്‍ശ ചെയ്ത അത്രയും മണ്ണെടുക്കാൻ മാത്രമാണ് ജിയോളജി വകുപ്പ് അനുമതി കൊടുത്തത്. ഇതിനാൽ പൂര്‍ണ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്നും പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.