ഖത്തർ ലോകകപ്പ്: സ്‌പെയ്‌നിനെ തകർത്ത് മൊറോക്കോ ക്വാർട്ടറിൽ

Share Now

ദോഹ: ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ സ്‌പെയ്‌നിനെ തകർത്ത് മൊറോക്കോ ക്വാർട്ടറിൽ. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 3-0ത്തിനായിരുന്നു മൊറോക്കയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാവാത്തതോടെ മത്സരം അധിക സമയത്തേയ്ക്ക് നീളുകയായിരുന്നു. എന്നാല്‍, അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായില്ല. നിരവധി അവസരങ്ങള്‍ ഇരു ടീമുകള്‍ക്കും ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല.

മൊറോക്കോ-സ്പെയിന്‍ ആവേശ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. സ്പെയിന്‍ പാസിംഗിലൂന്നി കളിച്ചപ്പോള്‍ കൗണ്ടറുകളിലൂടെയായിരുന്നു മൊറോക്കോയുടെ ശ്രമങ്ങളെല്ലാം. ഇരു ടീമുകളും 4-3-3 ശൈലിയില്‍ മൈതാനത്തെത്തിയപ്പോള്‍ തുടക്കത്തിലെ മത്സരം കടുത്തു. ഇടയ്ക്ക് ആക്രമണങ്ങളുമായി മൊറോക്കോയും കളം പിടിച്ചതോടെ വാശിയേറിയ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനാണ് എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം സാക്ഷിയായത്.

മൊറോക്കന്‍ പ്രതിരോധം ഉറച്ച് നിന്ന മത്സരത്തില്‍ സ്പാനിഷ് താരങ്ങളായ ഗാവിയ്ക്കും പെഡ്‌റിയ്ക്കും കാര്യമായ മുന്നേറ്റങ്ങള്‍ നടത്താനായില്ല. രണ്ടാം പകുതിയില്‍ ലഭിച്ച ഫ്രീകിക്ക് ഡാനി ഒല്‍മോ കൃത്യമായി പോസ്റ്റിലേയ്ക്ക് തൊടുത്തെങ്കിലും മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസ്സിന്‍ ബോനു തട്ടിയകറ്റി. പെനാല്‍റ്റിയിലേയ്ക്ക് നീങ്ങിയ മത്സരത്തില്‍ ആദ്യ കിക്കെടുക്കാന്‍ വന്ന മൊറോക്കന്‍ താരത്തിന് പിഴച്ചില്ല. കൃത്യമായി വലയിലേയ്ക്ക്.

എന്നാല്‍, സ്പാനിഷ് ടീമിനായി ആദ്യ കിക്കെടുക്കാന്‍ വന്ന സെറാബിയയ്ക്ക് ലക്ഷ്യം കാണാനായില്ല. രണ്ടാമത്തെ കിക്കും ലക്ഷ്യത്തിലെത്തിയതോടെ മൊറൊക്കോ ആത്മവിശ്വാസത്തിലെത്തി. സ്പാനിഷ് പടയ്ക്കായി രണ്ടാമത്തെ കിക്കെടുക്കാന്‍ എത്തിയ സൊളാറിനും പിഴച്ചു.