ഹൃദയാഘാതം സംഭവിക്കുന്നത് അറിയാതെ സ്ത്രീ, രക്ഷയായത് ആപ്പിള്‍ വാച്ച്‌

Share Now

ഹൃദയാഘാതം സംഭവിക്കുന്നത് അറിയാതിരുന്ന സ്ത്രീയ്ക്ക് തുണയായത് ആപ്പിള്‍ വാച്ച്‌. യുഎസ്സിലെ മിഷിഗണിലാണ് സംഭവം. ഇതാദ്യമായല്ല ആപ്പിള്‍ വാച്ച്‌ ആളുകളുടെ ജീവന്‍ രക്ഷിക്കുന്ന വാര്‍ത്ത പുറത്തു വരുന്നത്. ആശുപത്രിയില്‍ എത്തുന്നത് വരെ സ്ത്രീക്ക് ഹൃദയാഘാതമാണെന്ന് അറിയില്ലായിരുന്നു എന്നതാണ് കൗതുകം.

മിഷിഗണ്‍ സ്വദേശിയായ ഡയാന്‍ ഫീന്‍സ്ട്രയെന്ന സ്ത്രീയെയാണ് ആപ്പിള്‍ വാച്ച്‌ രക്ഷിച്ചത്. അസാധാരണ ഹൃദയമിടിപ്പിനെ കുറിച്ച്‌ ആപ്പിള്‍ വാച്ചില്‍ നോട്ടിഫിക്കേഷന്‍ വന്നതോടെയാണ് സ്ത്രീ ആശുപത്രിയില്‍ എത്തുന്നത്. WZZM 13 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏപ്രില്‍ 22 നായിരുന്നു സംഭവം. മിനുട്ടില്‍ 169 ഹൃദയമിടിപ്പ് രേഖപ്പെടുത്തിയത്. പന്ത്രണ്ട് സ്റ്റെപ്പ് മാത്രമായിരുന്നു താന്‍ നടന്നത് എന്ന് WZZM 13 യോട് സ്ത്രീ പറയുന്നു. അസാധാരണമായ രീതിയില്‍ ഹൃദയമിടിപ്പ് കണ്ടതോടെ ഭര്‍ത്താവിനെ വിളിച്ച്‌ കാര്യം പറഞ്ഞു. ഉടനെ ഡോക്ടറെ വിളിക്കാനായിരുന്നു അദ്ദേഹം നിര്‍ദേശിച്ചതെന്ന് ഡയാന്‍ പറയുന്നു.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിയ ഡയാന് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കി. ഡയാന് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ ഡയാന്‍ ഇത് തിരിച്ചറിഞ്ഞിരുന്നില്ല.

ആശുപത്രിയിലെത്തിയ ഡയാനെ ഡോക്ടര്‍മാര്‍ ഇലക്‌ട്രോകാര്‍ഡിയോഗ്രാഫിക്ക് വിധേയയാക്കിയതോടെയാണ് ഹൃദയാഘാതമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തി. തുടര്‍ന്ന് ധമനികളില്‍ ബ്ലോക്കും കണ്ടെത്തി. ആപ്പിള്‍ വാച്ചില്‍ കാണിച്ച അപായ സൂചനയാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഡയാന്‍ പറയുന്നു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്താനായത് കാര്യമായെന്നും അവര്‍ പറയുന്നു.

എല്ലാ ദിവസവും രാവിലെ ഹൃദയമിടിപ്പ് പരിശോധിക്കണമെന്നാണ് സ്വന്തം അനുഭവത്തില്‍ നിന്നും ഡയാന് മറ്റുള്ളവരോട് പറയാനുള്ളത്. ചെറിയ അശ്രദ്ധ വലിയ വിപത്തിന് കാരണമാകുമെന്ന് ഡയാന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *