കേരളത്തിന്റെ വികസനത്തിന് പ്രധാനമന്ത്രി എന്ത് സഹായവും ഉറപ്പ് നൽകിയെന്ന് മുഖ്യമന്ത്രി; ചർച്ചയായത് വികസന പദ്ധതികൾ

Share Now

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച സൗഹാർദ്ദപരമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സുപ്രധാനമായ വികസന പദ്ധതികൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും നൽകി. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രിയുമായി ഒട്ടേറെ ഫലപ്രദമായ ചർച്ചകൾ നടന്നു. കേരളത്തിന്റെ വികസനത്തിന് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. രാജ്യത്തിന്റെ വികസനത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നിച്ച പ്രയത്‌നിക്കണം എന്ന് അദ്ദേഹം പറഞ്ഞതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ സിൽവർ ലൈൻ പദ്ധതി, സെമി ഹൈസ്പീഡ് റെയിൽവേ എന്നീ പദ്ധതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. സംസ്ഥാനത്തെ ഇൻലാന്റ് വാട്ടർ വേയ്‌സ് പദ്ധതി സംബന്ധിച്ചും ചർച്ച നടന്നു. ചർച്ചയ്ക്ക് ശേഷം പദ്ധതി അതിവേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ കൊറോണ വ്യാപനവും പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ വിലയിരുത്തി. രോഗവ്യാപനം കുറയുന്നത് മന്ദഗതിയിലായ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നത്. സംസ്ഥാനത്ത് വാക്‌സിനേഷൻ നൽകുന്നത് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *