ഓണത്തിന് മദ്യ വില്‍പ്പന ഓണ്‍ലൈനില്‍ ,പരീക്ഷണ വില്‍പ്പന ഉടന്‍ .

Share Now

സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യം വില്‍പ്പന നടത്താനുള്ള ശ്രമത്തിന് ബെവ്‌കോ. നേരത്തെ ഇതിന് ശ്രമിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. കോടതിയുടെ ഇടപെടലും തടസ്സമായിരുന്നു. എന്നാല്‍ ബിവറേജസിന് മുന്നിലെ ക്യൂ അടക്കം സര്‍ക്കാരിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അതിന് പുറമേ കടുത്ത നിയന്ത്രണങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി പണം അടച്ച്‌ ഉപയോക്താക്കള്‍ക്ക് മദ്യം വാങ്ങാനുള്ള സംവിധാനം കൊണ്ടുവരാനാണ് ബെവ്‌കോ ശ്രമിക്കുന്നത്.

അതേസമയം ബെവ്‌കോ മുമ്ബ് കൊണ്ടുവന്ന ആപ്പിനെ കുറിച്ച്‌ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതില്‍ ബുക്ക് ചെയ്യുമ്ബോള്‍ പല പ്രശ്‌നങ്ങളും ഉയര്‍ന്നിരുന്നു. ഇത്തവണ ഓണ്‍ലൈന്‍ സംവിധാനം വരും മുമ്ബ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി നോക്കാനാണ് ബെവ്‌കോയുടെ ശ്രമം. ഓണത്തിന് അധികം സമയത്തില്ലാത്തത് കൊണ്ട് വേഗത്തില്‍ തന്നെ പരീക്ഷണ വില്‍പ്പന ഉണ്ടാവും. ഓണം ലക്ഷ്യമിട്ടാണ് മദ്യ വില്‍പ്പനയില്‍ ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നത്. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ പരീക്ഷണാടിസ്ഥാനില്‍ വില്‍പ്പന ആരംഭിക്കുമെന്നാണ് സൂചന.

അതേസമയം ഓണ്‍ലൈന്‍ മദ്യവില്‍പ്പന പരീക്ഷണം വിജയകരമായാല്‍ ഓണത്തിന് മുമ്ബ് സംസ്ഥാനത്തെ 270 ഔട്ട്‌ലെറ്റുകളില്‍ സൗകര്യം ഒരുക്കാനാണ് ബെവ്‌കോ ലക്ഷ്യമിടുന്നത്. ഓണ്‍ലൈനായി മദ്യം വരുന്നതിന് മുമ്ബ് 13 ഔട്ട്‌ലെറ്റുകളിലെ സ്‌റ്റോക്, വില വിവരങ്ങള്‍ ബെവ്‌കോ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി നല്‍കുന്നതിലൂടെ തിരക്ക് നിയന്ത്രിക്കാനും അതോടൊപ്പം വരുമാനം കുറയാതിരിക്കാനുമാണ് ബെവ്‌കോയുടെ ശ്രമം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ വില അടക്കമുള്ള വിവരങ്ങളാണ് നേരത്തെ പ്രസിദ്ധീകരിച്ചത്.

നേരത്തെ സംസ്ഥാനത്തെ മദ്യ വില്‍പ്പന രീതിയില്‍ ഹൈക്കോടതി അതിരൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുതിയ രീതികളൊന്നും ബെവ്‌കോ പരീക്ഷിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. തൃശൂരിലെ കുറുപ്പം റോഡിലെ ബിവറേജസ് കോര്‍പ്പറേഷനിലെ ആള്‍ക്കൂട്ടത്തെ ചൂണ്ടിക്കാണിച്ചായിരുന്നു കോടതിയുടെ വിമര്‍ശനങ്ങള്‍. മദ്യ വില്‍പ്പന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും തിരക്ക് ഒഴിവാക്കാനും സര്‍ക്കാര്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് ഈ മാസം പതിനൊന്നിന് കോടതിയെ അറിയിക്കണം.

Leave a Reply

Your email address will not be published.