മണിയന്‍ പിള്ള രാജുവിന് മന്ത്രി നേരിട്ട് ഓണക്കിറ്റ് വീട്ടില്‍ എത്തിച്ചു! പുതിയ വിവാദം

Share Now

നടനും നിര്‍മ്മാതാവുമായ മണിയന്‍ പിളള രാജുവിന്റെ വീട്ടില്‍ ഭക്ഷ്യവകുപ്പ് മന്ത്രി നേരിട്ട് ഓണക്കിറ്റ് എത്തിച്ചത് ചര്‍ച്ചയും വിവാദവും ആയിരിക്കുകയാണ്. സാധാരണ റേഷന്‍ കടയിലെ ഇപോസ് മെഷിനില്‍ വിരല്‍ പതിപ്പിച്ച്‌ കാര്‍ഡ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് മണിയന്‍പിള്ള രാജുവിന് മന്ത്രി തന്നെ എത്തിച്ചു നല്‍കിയത്. സമൂഹമാധ്യമങ്ങളിലൂടെ മന്ത്രി തന്നെയാണ് കിറ്റ് വിതരണത്തിന്‍റെ ചിത്രം പങ്കുവെച്ചതും. ഇതോടെയാണ് സിനിമാനടന് വീട്ടിലെത്തി സര്‍ക്കാരിന്റെ കിറ്റ് കൈമാറേണ്ടതുണ്ടോ എന്ന ചോദ്യവും ചര്‍ച്ചയും ഉയര്‍ന്നത്.

റേഷന്‍ കട വഴി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റാണ് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നടന്‍ മണിയന്‍ പിള്ള രാജുവിന്റെ വീട്ടില്‍ നേരിട്ട് എത്തിച്ച്‌ നല്‍കിയത്. സംസ്ഥാനത്ത് ജൂലൈ 31 മുതലാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ആഗസ്റ്റ് മൂന്ന് വരെയാണ് കിറ്റ് വിതരണം നിശ്ചയിച്ചിട്ടുള്ളത്. മണിയന്‍ പിള്ള രാജുവാകട്ടെ മുന്‍ഗണന ഇതര വിഭാഗത്തിലെ സബ്‌സിഡിയില്ലാത്ത വെള്ള നിറത്തിലുള്ള റേഷന്‍ കാര്‍ഡ് അംഗമാണ്. ആഗസ്റ്റ് 13 മുതല്‍ മാത്രമാണ് വെള്ള കാര്‍ഡ് അംഗങ്ങള്‍ക്ക് കിറ്റ് നല്‍കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് അനുവാദം നല്‍കിയിട്ടുള്ളത്. എന്നാല്‍ മണിയന്‍ പിളളയുടെ കാര്യത്തില്‍ ഇതെല്ലാം മറികടന്നാണ് മന്ത്രി കിറ്റ് വീട്ടില്‍ എത്തിച്ച്‌ നല്‍കിയതെന്നാണ് വിമര്‍ശനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റേഷന്‍ കടകളെയും അവിടെ നിന്ന് ലഭിക്കുന്ന റേഷനരിയെയും പ്രശംസിച്ച, അഭിനന്ദിച്ച മണിയന്‍പിളള രാജുവിനെ സൗജന്യ ഓണക്കിറ്റിനെ കുറിച്ച്‌ കൂടുതല്‍ പേരിലേക്ക് എത്തിക്കാനായി മാത്രമാണ് ഭക്ഷ്യമന്ത്രിയും സംഘവും ഇത്തരം നടപടി സ്വീകരിച്ചതെന്നാണ് ഒരു വിഭാ​ഗം ന്യായീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *