കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; രണ്ട് സ്ത്രീകള്‍ ഉള്‍പെടെ ഏഴ് പേര്‍ അറസ്റ്റില്‍-സിനിമ സീരിയല്‍ താരങ്ങള്‍ നിരീക്ഷണത്തില്‍

Share Now

കാക്കനാട് കേന്ദ്രീകരിച്ച്‌ ഇന്ന് പുലര്‍ച്ചെ കസ്റ്റംസും എക്സൈസ് വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.

ഒരു കോടി രൂപയുടെ 100 ഗ്രാം എംഡിഎംഎയുമായി ഏഴംഗ സംഘമാണ് എക്സൈസ് പിടിയിലായത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ട്. കാക്കനാട് ചില ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. ചെന്നൈയില്‍ നിന്ന് സാധനം എത്തിച്ച്‌ കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവടങ്ങളില്‍ വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായത്.

കുടുംബാംഗങ്ങള്‍ എന്ന് പറഞ്ഞ് കാറില്‍ സഞ്ചരിച്ചിരുന്ന ഇവര്‍ പരിശോധനകള്‍ ഒഴിവാക്കാനായി മുന്തിയ ഇനം നായ്ക്കളെ ഒപ്പം കൂട്ടിയിരുന്നു. നായ്ക്കളെ കണ്ട് പൊലീസും മറ്റും പരിശോധന ഒഴിവാക്കും. ഇതാദ്യമായാണ് നായ്ക്കളേയും കടത്തിന് ഉപയോഗിക്കുന്നുവെന്ന വിവരം പുറത്താകുന്നത്.

ഇതിന് മുന്‍പും കൊച്ചിയിലെ ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച്‌ എക്സൈസ് ലഹരി മരുന്ന് വേട്ട നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിലായത്. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്ന് എക്സൈസ് അറിയിച്ചു.

ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ലഹരി മരുന്ന് ഉപയോഗവും വിതരണവും. പ്രതികള്‍ ചെന്നൈയില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചിരുന്നത് വന്‍ ലഹരിമരുന്ന് ശേഖരമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. നാല് കിലോ എംഡിഎംഎ വില്പന നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു.

ഇവരില്‍ നിന്നും ലഹരി മരുന്നു വാങ്ങിയവരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സിനിമാക്കാരും സീരിയില്‍ നടീ നടന്മാരും മോഡലുകളും വരെ ലിസ്റ്റിലുണ്ട്. അതേസമയം, കൊച്ചിയില്‍ ലഹരി മരുന്നുകള്‍ പിടികൂടാന്‍ പൊലീസ് പരിശോധന ശക്തമാക്കിയെന്ന് ഡിസിപി ഐശ്വര്യ ഡോഗ്‌റേ പറഞ്ഞു.

Leave a Reply

Your email address will not be published.