ഏത് വലിയ താരത്തി നും ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങളുണ്ടാകാം; അത് ഇരുകയ്യും നീട്ടി സ്വീകരിക്കണം ; തപ്‌സി പന്നു

Share Now

ഏതൊരു വലിയ താരത്തിന്റേയും കുടുംബാംഗങ്ങള്‍ക്കും അവരുടെ മാറാപ്പിന്റെ ഒരു ഭാഗം ചുമക്കേണ്ടി വരുമെന്ന് ബോളിവുഡ് താരം തപ്‌സി പന്നു. ലഹരിവേട്ട കേസിൽ ആര്യൻ ഖാന്റെ അറസ്റ്റും, അതിന് ശേഷമുണ്ടായ സംഭവവികാസങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു തപ്‌സിയുടെ പരാമർശം. പൊതുസമൂഹത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാണെങ്കിൽ അവരുടെ ജീവിതത്തിൽ ഇതെല്ലാം പറഞ്ഞിട്ടുള്ളതാണ്. താരപദവി നേടുന്ന ഒരു നടനും കുടുംബവും അതിന് ശേഷമുണ്ടാകാൻ സാദ്ധ്യതയുള്ള ഭവിഷ്യത്തുകളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും തപ്‌സി പറയുന്നു.

‘ പൊതുസമൂഹത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ ഇത്തരം കാര്യങ്ങളെല്ലാം പറഞ്ഞിട്ടുള്ളതാണ്. നമ്മൾ ചുമക്കുന്ന മാറാപ്പ് നമ്മുടെ കുടുംബം കൂടെ പങ്കു വയ്‌ക്കേണ്ടി വരും. അവർ അത് ഇഷ്ടപ്പെടുന്നോ ഇല്ലയോ എന്നത് ഒരു വിഷയമല്ല. താരമൂല്യം ഉപയോഗിച്ച് നിങ്ങളുടെ അടുത്തേക്ക് വരുന്ന നല്ല കാര്യങ്ങൾ നിങ്ങൾ ആസ്വദിക്കുന്നില്ലേ. അതേപോലെ തന്നെയാണ് നെഗറ്റീവ് കാര്യങ്ങളും വരുന്നത്. നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും ഒരേ പോലെ സംഭവിക്കാം. ഒരു വലിയ സിനിമ താരത്തിന്റെ കുടുംബാംഗമാണെങ്കിൽ, അതിന്റെ പേരിൽ നിങ്ങൾക്ക് കിട്ടുന്ന പല ആനുകൂല്യങ്ങളും നിങ്ങൾ ആസ്വദിച്ചിട്ടുണ്ടാകും. അല്ലേ? അപ്പോൾ അതിന്റെ മോശം വശം നേരിടാനും നിങ്ങൾ തയ്യാറായിരിക്കണം’

‘ താരമൂല്യം കൂടുമ്പോൾ പിന്നീട് സംഭവിച്ചേക്കാവുന്ന എല്ലാ ഭവിഷ്യത്തുകളെ പറ്റിയും ധാരണയുണ്ടായിരിക്കണം. പ്രശ്‌നങ്ങളുണ്ടാകുമ്പോൾ നിയമനടപടികളിലൂടെ കടന്നു പോകണമെന്നതാണ് ഈ രാജ്യത്തെ നിയമം. അപ്പോൾ തീർച്ചയായും അങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ’ എന്നും തപ്‌സി പന്നു പറയുന്നു. ആര്യന്റെ അറസ്റ്റിന് പിന്നാലെ നിരവധി പേരാണ് ഷാരൂഖ് ഖാനും കുടുംബത്തിനും പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് ആര്യൻ ഖാനേയും സുഹൃത്തുക്കളേയും എൻസിബി അറസ്റ്റ് ചെയ്യുന്നത്. ആര്യന്റെയും ഒപ്പമുള്ളവരുടേയും കസ്റ്റഡി കാലാവധി ഒക്ടോബർ 11 വരെ നീട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published.