പ്രകോപനം തുടർന്ന് ചൈന; തായ്വാന്റെ വ്യോമാതിർത്തി ലംഘിച്ച് മൂന്ന് യുദ്ധവിമാനങ്ങൾ
ചൈനയുടെ മൂന്ന് യുദ്ധവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തി കടന്ന് രാജ്യത്ത് അതിക്രമിച്ച് കയറാൻ ശ്രമം നടത്തിയതായി തായ്വാൻ. ഈ മാസം ഇത് ആറാം തവണയാണ് ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാകുന്നത്. അതിർത്തി കടന്നെത്തിയ യുദ്ധവിമാനങ്ങളെ പ്രതിരോധിക്കാൻ തായ്വാൻ മിസൈലുകൾ വിക്ഷേപിച്ചുവെന്നും, അതിന് മുൻപായി അവർക്ക് മുന്നറിയിപ്പ് നൽകിയതായും അധികൃതർ പറയുന്നു. ചൈനീസ് ഷാൻസി-8 യുദ്ധവിമാനം, രണ്ട് ഷെൻയാങ് ജെ-16 യുദ്ധവിമാനങ്ങൾ എന്നിവയാണ് അതിർത്തി ലംഘിച്ചെത്തിയത്.
കഴിഞ്ഞ ആഴ്ച ചൈനയുടെ 58 യുദ്ധവിമാനങ്ങൾ തായ്വാന്റെ വ്യോമ അതിർത്തി കടന്ന് പ്രകോപനം സൃഷ്ടിച്ചിരുന്നു. 36 ഫൈറ്റർ ജെറ്റുകൾ, 12 എച്ച്-6 ബോംബറുകൾ, മറ്റ് നാല് വിമാനങ്ങൾ എന്നിവയാണ് തെക്കൻ അതിർത്തി കടന്നെത്തിയത്. അതിർത്തി കടന്നതായി മുന്നറിയിപ്പ് ലഭിച്ചതോടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് അവയെ തുരത്തുകയായിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. സമാധാനപരമായി മുന്നോട്ട് പോകുന്നതിന് ചൈനയുടെ നീക്കങ്ങൾ വലിയ തിരിച്ചടിയാകുമെന്ന് തായ്വാൻ ആരോപിച്ചു. സമാധാനത്തിനെതിരായ നിരുത്തരവാദപരമായ നീക്കമാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും തായ്വാൻ ആരോപിച്ചു.