ഈ രാജ്യത്ത് നിന്ന് ഇന്ത്യയിലെത്താൻ ഇനി വിസ വേണ്ട; വിസരഹിത യാത്രയ്‌ക്ക് അനുമതി നൽകി കേന്ദ്രം; വിവരങ്ങൾ അറിയാം

Share Now

ന്യൂഡൽഹി : രാജ്യത്ത് കൊറോണ വ്യാപനം കുറയുന്ന സാഹചര്യത്തിൽ അന്താരാഷ്‌ട്ര യാത്രകൾക്ക് കൂടുതൽ ഇളവുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. മാലി ദ്വീപിൽ നിന്ന് ഇനി ഇന്ത്യയിലെത്താൻ വിസ ആവശ്യമില്ല. ഒക്ടോബർ 15 മുതൽ മാലി ദ്വീപ് വിശജർക്ക് വിസ ഇല്ലാതെ തന്നെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കും. മാലി ദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദാണ് ഇക്കാര്യം അറിയിച്ചത്.
വിനോദ സഞ്ചാരം, മെഡിക്കൽ ആവശ്യങ്ങൾ, ബിസിനസ് ആവശ്യങ്ങൾ എന്നിവയ്‌ക്കായി മാലി ദ്വീപ് വംശജർക്ക് ഇന്ത്യയിലേക്ക് വിസ ഇല്ലാതെ തന്നെ യാത്ര ചെയ്യാൻ സാധിക്കുമെന്ന് അബ്ദുളള ഷാഹിദ് ട്വിറ്ററിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ പുനരാരംഭിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനും അദ്ദേഹം നന്ദിയറിയിച്ചു.
വിസരഹിത യാത്രയ്‌ക്കായി ഇന്ത്യയുടെ അനുമതി ലഭിക്കുന്ന ആദ്യ രാജ്യമാണ് മാലി ദ്വീപ്. ഇരു രാജ്യങ്ങളിലേക്കും വിസ രഹിത യാത്ര നടത്താനുള്ള അനുമതി നൽകിക്കൊണ്ട് മാലി ദ്വീപും ഇന്ത്യയും തമ്മിൽ നേരത്തെ കരാർ ഒപ്പിട്ടിരുന്നു. 2018 ഡിസംബറിലാണ് ഇത് ആരംഭിച്ചത്. എന്നാൽ കൊറോണ വ്യാപനം രൂക്ഷമായതോടെ അന്താരാഷ്‌ട്ര യാത്രകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ കരാർ റദ്ദാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *