‘ഇരുവരും ഒരേ സ്വഭാവക്കാർ, അച്ഛനും മമ്മൂക്കയും വഴക്കിടുന്നത് കണ്ടിട്ടുണ്ട്’: ഷോബി തിലകൻ പറയുന്നു

Share Now

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളാണ് മമ്മൂട്ടിയും അന്തരിച്ച നടൻ തിലകനും. അദ്ദേഹവും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയായിരുന്നു പ്രേക്ഷകർ നൽകിയിരുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ വാർത്തകളും മുമ്പ് പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള വഴക്ക് താൻ നേരിൽ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് തിലകന്റെ മകൻ ഷോബി തിലകൻ. മാസ്റ്റര്‍ ബിൻ എന്ന യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഷോബി പഴയകാല ഓര്‍മകള്‍ പങ്കുവച്ചത്.
“തച്ചിലേടത്ത് ചുണ്ടന്‍ സിനിമയുടെ ലൊക്കേഷനില്‍ ഞാനും അച്ഛനൊപ്പം ഉണ്ടായിരുന്നു. ആ സിനിമ ചെയ്യുമ്പോള്‍ മമ്മൂക്കയും അച്ഛനും തമ്മില്‍ വഴക്കായിരുന്നു. കാര്യമുള്ള കാര്യത്തിനല്ല, വെറുതെയാണ്. സൗന്ദര്യ പിണക്കം എന്ന് പറയാം. രണ്ടാളും ഒരേ സ്വഭാവക്കാരാണ്. അങ്ങനെ ഉള്ളവര്‍ ഒരുമിച്ച കഥാപാത്രങ്ങളായി വരുമ്പോഴുണ്ടാകുന്നതാണ്. എന്തോ ഒരു ആത്മസംതൃപ്തിക്ക് വേണ്ടിയാണ് രണ്ടു പേരും വഴക്ക് കൂടുന്നത്. സത്യം പറഞ്ഞാല്‍ ചിരിയോടെയാണ് ഞാനത് കാണുന്നത്. എനിക്കതില്‍ ഒരു ടെന്‍ഷനും തോന്നിയിട്ടില്ല. അച്ഛന്‍, ‘അയാളങ്ങനെ പറഞ്ഞത് ശരിയല്ലല്ലോ’ എന്നൊക്കെ പറയും. ഞാന്‍ അച്ഛനെ എതിര്‍ക്കാനോ അനുകൂലിക്കാനോ പോവാറില്ല. എനിക്കറിയാം ഇത് രണ്ട് ദിവസം കഴിഞ്ഞാല്‍ റെഡി ആവുമെന്ന്. രണ്ട് പേരും ഒരേ സ്വഭാവക്കാരാ. അതുകൊണ്ടാണ്. രണ്ട് പേര്‍ക്കും തമ്മില്‍ വഴക്കുണ്ടാക്കുന്നത് ആത്മസംതൃപ്തിയാണ്. ഒരു വഴക്കുണ്ടായി ചിലപ്പൊ രണ്ട് മിനിറ്റ് കഴിയുമ്പോള്‍ അത് മാറും” എന്ന് ഷോബി പറയുന്നു.
“അച്ഛന്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാനിരുന്ന മൂന്നോളം സിനിമകള്‍ തച്ചിലേടത്ത് ചുണ്ടന് ശേഷം ഉണ്ടായിരുന്നു. അച്ഛന്‍ അതിന്റെ പ്രൊഡ്യൂസര്‍മാരെ വിളിച്ചിട്ട്, ആരെയെങ്കിലും പറഞ്ഞ് വിട്ടാല്‍ അഡ്വാന്‍സ് തിരിച്ച് തന്നേക്കാം. മമ്മൂട്ടിയുടെ കോമ്പിനേഷന്‍ എനിക്ക് വേണ്ട. ഞാനയാളുടെ കൂടെ അഭിനയിക്കുന്നില്ല, എന്ന് പറഞ്ഞ് അഡ്വാന്‍സ് തിരിച്ച് കൊടുത്തു. ഉടന്‍ മമ്മൂക്ക വിളിച്ചു. മമ്മൂക്ക സംസാരിച്ച് പ്രശ്‌നങ്ങളൊക്കെ തീര്‍ത്തു. അത്രേയുള്ളു കാര്യം”, അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മ സംഘടനയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും തിലകനും തമ്മില്‍ വഴക്കാണെന്ന് മാധ്യമങ്ങള്‍ പറഞ്ഞ സമയത്തും ‘ഉസ്താദ് ഹോട്ടല്‍’ എന്ന സിനിമയില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ തിലകനെ തെരഞ്ഞെടുത്തതിനെക്കുറിച്ചും ഷോബി പറയുന്നുണ്ട്.
ഉസ്താദ് ഹോട്ടലിലേക്ക് അച്ഛനെ തെരഞ്ഞെടുക്കാന്‍ കാരണം ദുല്‍ഖര്‍ എന്ന അന്നത്തെ തുടക്കക്കാരനായ നടന്, അച്ഛനെപ്പോലെ സീനിയറായ ഒരു നടന്റെ കൂടെ അഭിനയിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പോസിറ്റീവ് എനര്‍ജി കിട്ടാന്‍ വേണ്ടി മാത്രമാണ്, എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മമ്മൂട്ടിയും കൂടി അറിഞ്ഞു കൊണ്ടായിരുന്നു അതെന്നാണ് താൻ കരുതുന്നതെന്നും ഷോബി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *