ആണവശക്തികൾ ഒന്നിക്കുന്നതിന്റെ അപകടകരമായ ഉദാഹരണം; ത്രിരാഷ്‌ട്ര സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി ചൈന

Share Now

ജനീവ : ആണവശക്തികൾ ഗൂഢലക്ഷ്യത്തോടെ ഒന്നിക്കുന്നതിന്റെ അപകടകരമായ ഉദാഹരണമാണ് അമേരിക്കയുടെ നേതൃത്വത്തിൽ ത്രിരാഷ്‌ട്ര രൂപീകരണത്തിലൂടെ നടന്നിരിക്കുന്നതെന്ന് ചൈന. ഐക്യരാഷ്‌ട്ര സഭയിലെ ചൈനീസ് പ്രതിനിധിയാണ് ത്രിരാഷ്‌ട്ര സഖ്യത്തിനെതിരെ ആരോപണങ്ങളുന്നയിച്ചത്.
ത്രിരാഷ്‌ട്ര സഖ്യമെന്ന പേരിൽ മേഖലയിൽ ആണവയാധുങ്ങൾ സംഭരിക്കുന്ന സമീപനമാണ് അമേരിക്ക നടത്തുന്നത്. ബ്രിട്ടനേയും ഓസ്‌ട്രേലിയയേയും ആണവായുധ വാഹകരാക്കി അമേരിക്ക നടത്തുന്നത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണ്. തികച്ചും സങ്കുചിതവും ശീതയുദ്ധകാലത്തെ മനോഭാവവുമാണ് അമേരിക്ക പുലർത്തുന്നതെന്നും ചൈന തുറന്നടിച്ചു. ഓസ്‌ട്രേലിയയ്‌ക്ക് ആണവ അന്തർവാഹിനികളടക്കം നൽകുന്നത് മേഖലയുടെ ആണവ നിയന്ത്രണ ഉടമ്പടികൾക്ക് എതിരാണെന്നും ചൈന ചൂണ്ടിക്കാട്ടി.
സെപ്തംബർ 15നാണ് അമേരിക്കയുടെ നേതൃത്വത്തിൽ പസഫിക്കിനേയും അറ്റ്‌ലാന്റിക്കിനേയും ബന്ധപ്പെടുത്തി ത്രിരാഷ്‌ട്ര സഖ്യം രൂപീകരിച്ചത്. ജപ്പാനേയും ഇന്ത്യയേയും ഓസ്‌ട്രേലിയയേയും ഉൾപ്പെടുത്തി അമേരിക്ക ക്വാഡ് സഖ്യം രൂപീകരിച്ചതു മുതൽ ചൈന കടുത്ത എതിർപ്പാണ് രേഖപ്പെടുത്തുന്നത്. തെക്കൻ ചൈനാ കടലിനെ മറികടന്ന് ജപ്പാൻ ദ്വീപുകളടക്കം പിടിച്ചെടുക്കുന്ന ചൈനയുടെ നീക്കങ്ങളാണ് ക്വാഡ് സഖ്യം പ്രതിരോധിക്കുന്നത്. ഇതിന് പിന്നാലെ ത്രിരാഷ്‌ട്ര സഖ്യരൂപീകരണം ചൈനയ്‌ക്ക് വൻ ഭീഷണിയാണ് ഉയർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *