രാഷ്‌ട്രീയത്തിനും മുകളിലായിരിക്കണം രാജ്യസുരക്ഷ; ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നിശ്ചയിച്ച കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് അമരീന്ദർ സിംഗ്

Share Now

ന്യൂഡൽഹി: അന്താരാഷ്‌ട്ര അതിർത്തി പ്രദേശങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നൽകിയ കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ബിഎസ്എഫിന്റെ സാന്നിദ്ധ്യം കൂടുതൽ പ്രദേശങ്ങളിലേക്ക് വർദ്ധിപ്പിക്കുന്നത് രാജ്യത്തെ കൂടുതൽ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തെ രാഷ്‌ട്രീയത്തിലേക്ക് വലച്ചിഴക്കരുതെന്നും അമരീന്ദർ സിംഗ് അഭ്യർത്ഥിച്ചു. ഇന്ത്യ-പാകിസ്താൻ, ഇന്ത്യ-ബംഗ്ലാദേശ് രാജ്യാന്തര അതിർത്തികളോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി 50 കിലോമീറ്ററാക്കി ഉയർത്തിയത് കഴിഞ്ഞ ദിവസമാണ്.
രവീൻ തുക്രാലാണ് അമരീന്ദറിന്റെ പ്രതികരണം ട്വിറ്ററിലൂടെ പങ്ക് വച്ചിരിക്കുന്നത്. ‘ നമ്മുടെ സൈനികർ കശ്മീരിൽ വീരമൃത്യു വരിച്ചിരിക്കുകയാണ്. പാകിസ്താൻ പിന്തുണയുള്ള തീവ്രവാദികൾ പഞ്ചാബിലേക്കും മറ്റും ആയുധങ്ങളും മയക്കുമരുന്നും വലിയ തോതിൽ കടത്തുന്ന കാഴ്ചയും നാം കാണുന്നുണ്ട്. ദേശീയ സുരക്ഷയുടെ കാര്യം വരുമ്പോൾ നമ്മൾ ഒരിക്കലും രാഷ്‌ട്രീയം കാണിക്കരുത്. രാഷ്‌ട്രീയത്തിനും മുകളിലായിരിക്കണം രാജ്യത്തിന്റെ സുരക്ഷ. 2016ൽ സർജ്ജിക്കൽ സ്‌ട്രൈക്കിന്റെ സമയത്തും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും’ അമരീന്ദർ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നിശ്ചയിച്ച് ഉത്തരവിറക്കിയത്. അന്താരാഷ്‌ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, പഞ്ചാബ്, അസാം എന്നിവയുടെ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തിൽ വരെ ബിഎസ്എഫിന് പരിശോധനകൾ നടത്താം. 15 കിലോമീറ്റർ വരെ ദൂരത്തിൽ മാത്രമായിരുന്നു നേരത്തെ ബിഎസ്എഫിന് അധികാരമുണ്ടായിരുന്നത്. ഈ പ്രദേശത്തിനുള്ളിൽ തിരച്ചിലോ അറസ്റ്റോ നടത്താൻ ബിഎസ്എഫിനും പൂർണ അധികാരം ഉണ്ടായിരിക്കും. ഇതിന് സംസ്ഥാനങ്ങളുടെയോ അവിടുത്തെ പോലീസിന്റെയോ അനുവാദം ആവശ്യമില്ല.
1968ലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ആക്ട് സെക്ഷൻ 139 പ്രകാരം അതിർത്തി രക്ഷാസേനയുടെ പരിധിയിലുള്ള പ്രദേശങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും കേന്ദ്രത്തിന് അതാത് സമയങ്ങളിൽ കൃത്യമായി നിർദ്ദേശങ്ങൾ നൽകണം. ഇത് പ്രകാരമാണ് മേഖലകൾ പുതുക്കി നിശ്ചയിച്ചത്. പാസ്പോർട്ട് ആക്ട്, എൻഡിപിഎസ് ആക്ട്, കസ്റ്റംസ് ആക്ട് തുടങ്ങിയവയ്‌ക്ക് അനുസൃതമായി ബിഎസ്എഫിന് അറസ്റ്റ്, തിരച്ചിൽ, പിടിച്ചെടുക്കൽ എന്നിവയ്‌ക്കുള്ള അധികാരം ലഭിക്കും. പഞ്ചാബിലും ബംഗാളിലും 35 കിലോമീറ്റർ കൂടുതൽ അധികാരപരിധിയാണ് ലഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *