പ്രതിരോധസേനയ്‌ക്ക് ഇരട്ടിക്കരുത്ത്; മൂന്ന് റഫേല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ന് എത്തും

Share Now

ന്യൂഡല്‍ഹി: പ്രതിരോധസേനയ്‌ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്ന് കൊണ്ട് മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ന് വ്യോമസേനയുടെ ഭാഗമാകും. ഗുജറാത്തിലെ ജാംനഗര്‍ എയര്‍ബേസിലായിരിക്കും ഫ്രാന്‍സില്‍ നിന്ന് പുറപ്പെടുന്ന യുദ്ധവിമാനങ്ങള്‍ ഇറങ്ങുന്നത്. ആകാശത്ത് വച്ച് തന്നെ ഈ വിമാനങ്ങളില്‍ ഇന്ധനം നിറച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ പക്കലുള്ള റഫേല്‍ യുദ്ധവിമാനങ്ങളുടെ എണ്ണം 29 ആയി ഉയരും. 2016ലാണ് 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ ഫ്രാന്‍സുമായി കരാറില്‍ ഏര്‍പ്പെടുന്നത്. 60,000 കോടി രൂപയാണ് 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനായി ചെലവിടുന്നത്.
വി ആര്‍ ചൗധരി വ്യോമസേന മേധാവിയായി ചുമതലയേറ്റതിന് ശേഷം ഫ്രാന്‍സില്‍ നിന്നും എത്തുന്ന റഫേലിന്റെ ആദ്യ ബാച്ചാണിത്. ഡിസംബര്‍ പകുതിയോടെ അടുത്ത മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തും. 2022 ജനുവരി 26, 73ാം റിപബ്ലിക് ദിനത്തില്‍ അവസാന ബാച്ച് റഫേല്‍ വിമാനങ്ങള്‍ കൂടി വ്യോമസേനയുടെ ഭാഗമാകും. ചൈനയുമായി സംഘര്‍ഷസാദ്ധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ ബാച്ച് റഫേല്‍ വിമാനങ്ങളുടെ വരവ് മുന്നോട്ടുള്ള നീക്കങ്ങളില്‍ നിര്‍ണായകമാകും. 14 മിസൈല്‍ പിന്നുകള്‍ ഘടിപ്പിക്കാവുന്ന വിമാനം ഒരേ സമയം 40 ലക്ഷ്യങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കുന്ന അത്യാധുനിക ശേഷിയുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *