രാഷ്‌ട്രപതി ലഡാക്കിലേക്ക്; ഇത്തവണത്തെ ദസറാ ആഘോഷം സൈനികർക്കൊപ്പം

Share Now

ന്യൂഡൽഹി : ദസറാ ആഘോഷങ്ങൾക്കായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ലഡാക്കിൽ എത്തും. അതിർത്തിയിലുള്ള സൈനികർക്കൊപ്പം ദസറാ ആഘോഷിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേന്ദ്ര ഭരണ പ്രദേശത്ത് എത്തുന്നത്. ദ്വിദിന യാത്രയുടെ ആദ്യ ദിവസമായ ഇന്ന് അദ്ദേഹം ലേയിലെ സിന്ധു ഗാട്ടിൽ നടക്കുന്ന സിന്ധു ദർശൻ പൂജയിൽ പങ്കെടുക്കും. തുടർന്ന് രാഷ്‌ട്രപതി ഉദംപൂരിൽ സൈനികരുമായി സംവദിക്കും.
എല്ലാ വർഷവും രാജ്യതലസ്ഥാനത്ത് വെച്ചാണ് രാഷ്‌ട്രപതി ദസറ ആഘോഷിക്കാറുള്ളത്. എന്നാൽ ഇത്തവണ സമ്പ്രദായങ്ങൾക്കെല്ലാം മാറ്റം വരുത്തിക്കൊണ്ടാണ് അദ്ദേഹം ലഡാക്കിലേക്ക് പോകുന്നത്. ലേയിൽ നടക്കുന്ന പൂജയ്‌ക്ക് ശേഷം ഇന്ന് വൈകീട്ടോടെ അദ്ദേഹം ജമ്മു കശ്മീരിലേക്ക് തിരിക്കും. തുടർന്ന് രാഷ്‌ട്രപതി ഉദംപൂരിലെ ഇന്ത്യൻ സൈന്യത്തിന്റെ നോർത്തേൺ കമാന്റ് ഹെഡ് ക്വാട്ടേഴ്‌സിലെത്തി സൈനികരുമായി സംവദിക്കും.
അടുത്ത ദിവസം ലഡാക്കിലെ ദ്രാസിലെത്തുന്ന രാഷ്‌ട്രപതി കാർഗിൽ യുദ്ധസ്മാരകത്തിലെത്തും. 1999 ലെ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര യോദ്ധാക്കാൾക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിക്കും. ട്രെക്കിംഗിനും വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലും പ്രശസ്തനായ ദ്രാസ് ‘ ദി ഗേറ്റ് വേ ഓഫ് ലഡാക്ക്’ എന്നാണ് അറിയപ്പെടുന്നത്. താപനില ഏറ്റവും താഴേയ്‌ക്ക് പോകുന്ന ഒരു പ്രദേശം കൂടിയാണിത്.
ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷ ഭരിതമായ സാഹചര്യം നിലനിൽക്കെയാണ് സർവ്വസൈന്യാധിപൻ ലഡാക്കിൽ എത്തുന്നത് എന്നും നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *