മരക്കാർ’ ഒടിടി റിലീസ് പരിഗണനയില്‍ ; ആമസോൺ പ്രൈമുമായി ചർച്ച, ഈ വർഷം തന്നെ റിലീസ്

Share Now

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ (Marakkar Movie). മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ 2020 മാര്‍ച്ച് 26ന് എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ റിലീസ് കൊവിഡ്(covid19) കാരണത്താൽ പലവട്ടം മാറ്റിവെക്കേണ്ടിവന്നിരുന്നു. ചിത്രം ഒടിടി റിലീസ് (OTT Release) ആവില്ലെന്നും എന്തായാലും തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും അണിയറക്കാര്‍ പലതവണ വ്യക്തമാക്കിയിരുന്നു. എന്നാൽ ചിത്രം ഡയറക്റ്റ് ഒടിടി റിലീസിന് പരി​ഗണിക്കുന്നുവെന്ന വിവരവും പുറത്തുവരികയാണ്. 

ആമസോൺ പ്രൈമും ആയി ചർച്ച നടത്തിയെന്നും ഈ വർഷം തന്നെ റിലീസ് ഉണ്ടായേക്കുമെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. 50% സീറ്റിങ് കപ്പാസിറ്റി വച്ച് റിലീസ് ചെയ്താൽ ലാഭകരമാകുമോ എന്നതിലാണ് ആശങ്ക. റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചു. തിയറ്ററുകള്‍ക്ക് നല്‍കാതെ ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കിയിരുന്നത്. ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് താല്‍പര്യമെന്ന് പ്രിയദര്‍ശനും മോഹന്‍ലാലും (Mohanlal) ആന്‍റണി പെരുമ്പാവൂരും നേരത്തെ പ്രതികരിച്ചിരുന്നു.

 മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തിയ ഒന്നാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. 

Leave a Reply

Your email address will not be published. Required fields are marked *