ഉത്തർപ്രദേശിൽ 9 മെഡിക്കൽ കോളേജുകൾ; എംബിബിഎസ് സീറ്റുകൾ വർദ്ധിപ്പിക്കും ; മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

Share Now

 ഉത്തർപ്രദേശിൽ ഒൻപത് മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു. രാവിലെ 10.30നാണ് വിര്‍ച്വലായി ഉദ്ഘാടനം നടത്തിയത്. കൂടാതെ വാരണാസിയിൽ പ്രധാനമന്ത്രി ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനക്കും തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സിദ്ധാർത്ഥ് ന​ഗർ, ഇറ്റ, ഹർദോയ്, പ്രതാപ്​ഗഡ്, ഫത്തേപ്പൂർ, ദിയോറിയ, ​ഗാസിപൂർ, മിർസാപൂർ, ജാൻപൂർ എന്നിവിടങ്ങളിലാണ് മെഡിക്കൽ കോളേജുകൾ സ്ഥിതി ചെയ്യുന്നത്. 

പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതിപ്രകാരമാണ് എട്ടെണ്ണത്തിന് അനുമതി ലഭിച്ചത്. സംസ്ഥാന സർക്കാരാണ് ജാൻപൂരിലെ മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. പുതിയ മെഡിക്കൽ കോളേജുകൾ ഉദ്ഘാടനത്തിന് ശേഷം 700 എംബിബിഎസ് സീറ്റുകൾ സംസ്ഥാനത്ത് വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് മുമ്പ് പറഞ്ഞിരുന്നു. ദേശീയ ആരോ​ഗ്യ ദൗത്യത്തിന് പുറമെ ആരോ​ഗ്യ പരിരക്ഷയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളിലൊന്നായിരിക്കും  പ്രധാനമന്ത്രി ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജന എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. 

കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം പിന്നാക്കം നിൽക്കുന്ന ജില്ലകൾക്കാണ് മുൻ​ഗണന നൽകിയിരിക്കുന്നത്. ആരോ​ഗ്യവിദ​ഗ്ധരുടെ ലഭ്യത വർദ്ധിപ്പിക്കുക, മെഡിക്കൽ കോളേജുകളിലെ നിലവിലെ ഭൂമിശാസ്ത്രപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുക, നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി വിനിയോ​ഗിക്കുക എന്നതാണ് കേന്ദ്രാവിഷ്കൃത പദ്ധതി പ്രകാരം ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി 157 പുതിയ മെഡിക്കൽ കോളേജുകൾക്ക് രാജ്യത്തുടനീളം അനുമതി ലഭിച്ചിട്ടുണ്ട്. ഇവയിൽ 63 എണ്ണം പ്രവർത്തന സജ്ജമാണ്. 

Leave a Reply

Your email address will not be published. Required fields are marked *