‘അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചില്ല , സമവായത്തിലൂടെ നടപ്പാക്കും ; വൈദ്യുതി മന്ത്രി

Share Now

ഏറെ വിവാദങ്ങളുണ്ടാക്കിയ നിർദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത (Athirappilly) പദ്ധതി (athirappilly hydroelectric project) ഉപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പദ്ധതിയുമായി മുന്നോട്ട് പോകാൻ 2020 ൽ സർക്കാർ കെഎസ് ഇബിയ്ക്ക് (kseb) എൻ ഒ സി നൽകിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാനാകൂ. പദ്ധതിക്ക് ഏഴ് വർഷത്തെ എൻ ഒ സിയാണ് ലഭിച്ചിട്ടുള്ളത്. ആരംഭിച്ചില്ലെങ്കിൽ വനംവകുപ്പിന് ബോർഡ് നൽകിയ 5.6 കോടി രൂപ തിരികെ ലഭിക്കുമെന്നും മന്ത്രി  അറിയിച്ചു.

അതിരപ്പിള്ളി പദ്ധതി പൂർണമായി ഉപേക്ഷിക്കാതെ സമവായം ഉണ്ടാക്കി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ എൻ ഒ സിക്ക് 2027 വരെ കാലാവധിയുണ്ട്. ഈ കാലയളവിൽ തുടക്കം കുറിക്കാനാണ് നീക്കം. എന്നാൽ പാരിസ്ഥിതികമായി സവിശേഷ പ്രാധാന്യമുള്ള ഹെക്ടർ കണക്കിന് വനഭൂമി നഷ്ടപ്പെടുമെന്നും അപൂർവ്വ മത്സ്യങ്ങളും വംശനാശഭീഷണി നേരിടുന്നവയുൾപ്പെടെയുള്ള പക്ഷികളുടെ ആവാസവും നശിക്കുമെന്നാണ് പദ്ധതിയെ എതിർക്കുന്നവർ നിരത്തുന്ന വാദം. 

അതേ സമയം, അതിരപ്പിള്ളി പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതിയും സാങ്കേതിക സാമ്പത്തിക അനുമതിയുടേയും കാലാവധി 2019 മെയിൽ അവസാനിച്ചിരുന്നു. പദ്ധതി വന്നാൽ മുങ്ങിപ്പോകുമായിരുന്ന വനമേഖലയിലെ മരങ്ങൾ മുറിക്കാനും അതിനുളള നഷ്ടപരിഹാവുമായി 5 കോടിയിലേറെ രൂപ വൈദ്യുതി ബോർഡ് 2001 ൽ വനം വകുപ്പിന് കൈമാറിയിരുന്നു.