ആര്യന്‍ ഖാന്റെ അറസ്റ്റ് ഷാരൂഖില്‍ വരുത്തിയത് വമ്പന്‍ മാറ്റങ്ങള്‍,കുഴങ്ങിയത് നിര്‍മാതാക്കള്‍ .

Share Now

മകന്‍ ആര്യന്‍ ഖാന്‍ എന്‍ സി ബിയുടെ പിടിയിലായതിനു ശേഷം ഷാരൂഖിന്റെ ജീവിത രീതിയില്‍ വമ്ബന്‍ മാറ്റങ്ങള്‍ വന്നതായി താരവുമായി അടുത്ത വൃത്തങ്ങള്‍ മാദ്ധ്യമങ്ങളോട് സൂചിപ്പിച്ചു.

മുമ്ബ് തിരക്കേറിയ സിനിമാ ജീവിതത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന ഷാരൂഖ് ഇപ്പോള്‍ തന്റെ കുടുംബത്തിനു വേണ്ടി കൂടുതല്‍ സമയം നീക്കിവയ്ക്കാന്‍ ശ്രദ്ധിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ കുടുംബ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്. മാത്രമല്ല മകന്‍ ആര്യനോടൊപ്പം പതിവിലും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഷാരൂഖ് തന്റെ മക്കളുടെ ജീവിതത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിച്ചു തുടങ്ങിയതായും ദേശീയ മാദ്ധ്യമങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബ സുഹൃത്തുക്കളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനു പുറമേ തന്റെ സിനിമകളുടെ നിര്‍മാതാക്കളോട് ഷാരൂഖ് പുതിയൊരു നിബന്ധന കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ ഷൂട്ടിംഗ് ലൊക്കേഷന്‍ തീരുമാനിക്കുകയാണെങ്കില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും തനിക്ക് മുംബയിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രീതിയില്‍ ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ ക്രമീകരിക്കണമെന്നാണ് ഷാരൂഖ് നിര്‍മാതാക്കളുടെ മുന്നില്‍ വയ്ക്കുന്ന പുതിയ നിബന്ധന. ഷൂട്ടിംഗ് സംബന്ധമായ മറ്റെല്ലാ കാര്യങ്ങളിലും ഷാരൂഖ് വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാണെങ്കിലും ഈയൊരു കാര്യത്തില്‍ മാത്രം ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്ന് താരം തന്റെ മാനേജര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി വാര്‍ത്തകളുണ്ട്.

മകന്‍ ആര്യന്‍ ഖാന്റെ സുരക്ഷയിലും ഷാരൂഖിന് അതിയായ ഉത്കണ്ഠയുണ്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു. തന്റെ സ്വകാര്യ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് ആര്യന്റെ സുരക്ഷയില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യരുതെന്നും സദാസമയവും ആര്യനോടൊപ്പം വേണമെന്നും ഷാരൂഖ് ആവശ്യപ്പെട്ടിട്ടുണ്ട്.