കേരള പൊലിസിന് വീണ്ടും ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നു

Share Now

മുന്‍പ് ഉപേക്ഷിച്ച ഹെലികോപ്ടര്‍ സംസ്ഥാന പൊലിസ് വീണ്ടും വാടകയ്ക്ക് എടുക്കുന്നു.

ഇതിനായി ടെക്‌നിക്കല്‍ ബിഡ് തുറക്കും. ഡിസംബര്‍ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ബിഡ് തുറന്ന് പരിശോധിക്കും. മൂന്നുവര്‍ഷത്തേക്ക് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനാണ് ആലോചന. നേരത്തെ സാമ്ബത്തിക ധൂര്‍ത്തെന്ന വിമര്‍ശനങ്ങള്‍ക്കിടെ പൊലീസ് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍ ആഗസ്തില്‍ താല്‍ക്കാലികമായി ഉപേക്ഷിച്ചിരുന്നു. ഹെലികോപ്റ്റര്‍ നല്‍കിയ പവന്‍ ഹാന്‍സ് കമ്ബനിയുമായുള്ള കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ആവശ്യം വരുന്ന ഘട്ടത്തില്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ച്‌ ഹെലികോപ്റ്റര്‍ കുറഞ്ഞ വാടകക്ക് എടുക്കുന്നത് പരിശോധിക്കാമെന്ന് ഡി.ജി.പി സര്‍ക്കാരിനെ അറിയിച്ചു.

മാവോയിസ്റ്റ് വേട്ട, പ്രകൃതിദുരന്തങ്ങള്‍ക്കിടയിലെ രക്ഷാപ്രവര്‍ത്തനം എന്നിവയിലടക്കം സഹായിക്കാനാണ് പൊലിസ് ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിരുന്നത്. മാസം 1,44,60000 രൂപയും 18 ശതമാനം ജി.എസ്.ടിയും നല്‍കിയായിരുന്നു പവന്‍ ഹാന്‍സ് ലിമിറ്റഡ് എന്ന കമ്ബനിയുമായുള്ള കരാര്‍. അധിക സാമ്ബത്തിക ബാധ്യത തുടരുമ്ബോള്‍ തന്നെ ഹെലികോപ്റ്റര്‍ ഭൂരിഭാഗം സമയവും ഉപയോഗിക്കേണ്ടി വരുന്നില്ലാത്തത് കണക്കിലെടുത്താണ് ഉപേക്ഷിച്ചത്. ജീവന്‍രക്ഷാ ദൗത്യവുമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോയതും, മാവോയിസ്റ്റ് നിരീക്ഷണത്തിനായി ചുരുക്കം ഘട്ടങ്ങളില്‍ ഉപയോഗിച്ചതുമല്ലാതെ ഹെലികോപ്റ്റര്‍ സ്ഥിരമായി എടുത്തിരുന്നില്ല. ചില മാസങ്ങളില്‍ ഉപയോഗിക്കാതെ തന്നെ വാടക നല്‍കേണ്ടിയും വന്നിരുന്നു.

ഇതുവരെ 25 കോടിയിലധികം രൂപയാണ് ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ മാത്രം സര്‍ക്കാര്‍ ചെലവാക്കിയത്. കരാര്‍ പുതുക്കുമ്ബോള്‍ വാടകയില്‍ വര്‍ദ്ധനയ്ക്കും സാധ്യതയുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഹെലികോപ്റ്റര്‍ കരാര്‍ പുതുക്കേണ്ടതില്ലെന്ന് പൊലീസ് മേധാവി അനില്‍ കാന്ത് സര്‍ക്കാരിനെ അറിയിച്ചത്. പുതിയ ടെണ്ടര്‍ വിളിച്ച്‌ വാടക കുറഞ്ഞ ഹെലികോപ്ടറെടുക്കാമെന്നും കാണിച്ച്‌ ആഭ്യന്തര വകുപ്പിന് ഡിജിപി കത്ത് നല്‍കി. ഒരു വര്‍ഷ കരാര്‍ കാലാവധി തീര്‍ന്നതോടെ തിരുവനന്തപുരത്തുണ്ടായിരുന്ന AS 365 ഡൗഫിന്‍ എന്ന ഹെലികോപ്റ്റര്‍ പവന്‍ ഹന്‍സ് കമ്ബനി ഏപ്രിലില്‍ തിരികെ കൊണ്ടുപോയിരുന്നു. നാല് മാസമായി പൊലീസിന് ഹെലികോപ്റ്ററില്ല.

സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്തിരുന്ന ഹെലികോപ്റ്റര്‍ ഇതുവരെ പറന്നത് 105.3 മണിക്കൂറാണ്. ഓരോ മണിക്കൂറും പറക്കാന്‍ സര്‍ക്കാരിന് ചെലവായത് 21.09 ലക്ഷം രൂപയാണ്. ഈ ഇനത്തില്‍ 22. 21 കോടിരൂപയാണ് ആകെ ചിലവായത്. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആരോഗ്യ രക്ഷാ പ്രവര്‍ത്തനങ്ങള്‍, വ്യോമ നിരീക്ഷണം, മാവോയിസ്റ്റുകളുടെ സഞ്ചാര പാത നിരീക്ഷണം, സംസ്ഥാനത്തെ അതിര്‍ത്തി, തീരപ്രദേശ, വനമേഖല, വിനോദ സഞ്ചാര, തീര്‍ഥാടന മേഖലകള്‍ എന്നിവയുടെ നിരീക്ഷണത്തിനും അടിയന്തര ഘട്ടത്തില്‍ പൊലീസ് ഫോഴ്‌സിന്റെയും വിശിഷ്ഠ വ്യക്തികളുടെ യാത്രകള്‍ക്കുമാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.