ഒമിക്രോണ്‍ വ്യാപനം രൂക്ഷം;വിദ്യാലയങ്ങള്‍ വീണ്ടും അടയ്ക്കുന്നു; വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

Share Now


കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണിന്റെ വ്യാപനം രൂക്ഷമായതോടെ കര്‍ണാടകയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി കര്‍ഫ്യൂ തുടരാനും തീരുമാനമായിട്ടുണ്ട്. ബംഗളൂരുവില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും വ്യാഴാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം ഹാജരായാല്‍ മതി.

10,11,12 ക്ലാസുകള്‍ ഒഴികെയാണ് ബംഗളൂരുവില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കും. കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കും. കേരള അതിര്‍ത്തിയില്‍ പരിശോധന കൂട്ടാനും തീരുമാനിച്ചു. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ ഒമിക്രോണ്‍ ബാധിതരില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. 149 പേര്‍ക്കാണ് പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ ബാധിതര്‍ 226 ആയി. രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചുവെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതിദിന കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനം കര്‍ശന നിയന്ത്രണങ്ങളിലേക്ക് നീങ്ങണമെന്നായിരുന്നു വിദഗ്ധ സമിതി ശുപാര്‍ശ. രാജ്യത്ത് ആദ്യ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലായിരുന്നു. പിന്നാലെ സംസ്ഥാനത്ത് കേസുകള്‍ കുതിച്ചുയര്‍ന്നു.