ഹൈപ്പർസോണിക് മിസൈൽ അവസാന ഘട്ടപരീക്ഷണവും വിജയമെന്ന് ഉത്തര കൊറിയ

Share Now

സിയോൾ: ഹൈപ്പർസോണിക് മിസൈൽ അവസാന ഘട്ട പരീക്ഷണവും വൻവിജയമെന്ന് ഉത്തര കൊറിയ. അമേരിക്കയെ മുഖ്യശത്രുവായിക്കണ്ട് വെല്ലുവിളിക്കുന്ന ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നാണ് ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണവിവരം പുറത്തുവിട്ടത്. രാജ്യത്തിന്റെ സുരക്ഷയിൽ തന്ത്രപരമായ വിജയമെന്നാണ് കിം മിസൈൽ പരീക്ഷണ വിജയത്തെ വിശേഷിപ്പിച്ചത്.

‘അത്യാധുനികമായ സാങ്കേതിക വിദ്യയാണ് പുതിയ മിസൈലിന്റെ പ്രത്യേകത. വേഗതയുടെ ഏറ്റവും പുതിയ മുഖമാണ് ഹൈപ്പർസോണിക്. അതിന്റെ അവസാന പരീക്ഷണവും ലക്ഷ്യം ഭേദിച്ചിരിക്കുന്നു. എല്ലാ സാങ്കേതിക സംവിധാനങ്ങളും കൃത്യമായിട്ടാണ് പ്രവർത്തിക്കുന്നത്’ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു.

തൊടുത്ത മിസൈൽ വായുവിൽ നീങ്ങുന്നതും, ലക്ഷ്യം കണ്ടെത്തുന്നതും ഭേദിക്കുന്നതുമാണ് പരീക്ഷിച്ചത്. ജലത്തിനടിയിൽ നിന്നും തൊടുത്ത് മുകളിലെത്തി 1000 കിലോമീറ്റർ ദൂരം താണ്ടുന്നതാണ് കൊറിയയുടെ പുതിയ ഹൈപ്പർ സോണിക് മിസൈൽ. കൊറിയൻ ഭരണാധികാരി നേരിട്ട് മിസൈൽ പരീക്ഷണം കാണാനെത്തി. 2020 മാർച്ചിലും കിം മിസൈൽ പരീക്ഷണം നേരിട്ട് കണ്ടിരുന്നു. ഇത്തവണ കിംമ്മിന്റെ സഹോദരി കിം യോ ജോംഗും സന്നിഹിതയായിരുന്നു.