ജപ്പാന്‍, സിംഗപ്പൂര്‍ പാസ്സ്പോര്‍ട്ടുകള്‍ സൂപ്പര്‍ പവര്‍; രണ്ടാമത് ദക്ഷിണ കൊറിയയുടെയും ജര്‍മ്മനിയുടെയും പാസ്സ്പോര്‍ട്ടുകള്‍; ഇന്ത്യന്‍ പാസ്സ്പോര്‍ട്ടുമായി വിസയില്ലാതെ യാത്ര ചെയ്യാവുന്നത് 58 രാജ്യങ്ങളിലേക്ക്

Share Now

2022-ല്‍ പുതിയ ആഗോള റാങ്കിംഗില്‍ വീണ്ടും ജപ്പാന്റെയും സിംഗപ്പൂരിന്റെയും പാസ്സ്പോര്‍ട്ടുകള്‍ ഏറ്റവും ശക്തമായ പാസ്സ്പോര്‍ട്ടുകളായി തുടരുന്നു.

ഈ പാസ്സ്പോര്‍ട്ടുകള്‍ ഉപയോഗിച്ച്‌ 192 രാജ്യങ്ങളിലേക്കാണ് വിസ ഇല്ലാതെ യാത്രചെയ്യാന്‍ കഴിയുന്നത്. 190 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രചെയ്യാന്‍ സഹായിക്കുന്ന ജര്‍മ്മനിയുടെയും ദക്ഷിണകൊറിയയുടെയും പാസ്സ്പോര്‍ട്ടുകളാണ് ഇക്കാര്യത്തില്‍ രണ്ടാമതുള്ളത്. 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രചെയ്യാന്‍ സഹായിക്കുന്ന ഫിന്‍ലാന്‍ഡ്, ഇറ്റലി, ലക്സംബര്‍ഗ്, സ്പെയിന്‍എന്നീ രാജ്യങ്ങളുടെ പാസ്സ്പോര്‍ട്ടുകള്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

2020-ലെ റാങ്കിംഗില്‍ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബ്രിട്ടന്റെയും അമേരിക്കയുടെയും പാസ്സ്പോര്‍ട്ടുകള്‍ ഇത്തവണ വീണ്ടും പഴയ ആറാം സ്ഥനത്ത് എത്തിയിട്ടുണ്ട്. രണ്ട് രാജ്യങ്ങളിലേയും പാസ്സ്പോര്‍ട്ടുകള്‍ ഉപയോഗിച്ച്‌ 186 രാജ്യങ്ങളിലേക്ക് വിസ-ഫ്രീ അല്ലെങ്കില്‍ വിസ-ഓണ്‍-അറൈവല്‍ രീതിയില്‍ യാത്രചെയ്യാന്‍ സാധിക്കും. 2021-ല്‍ ഇത് 185 ആയിരുന്നു. അന്ന് ഇരുരാജ്യങ്ങള്‍ക്കും ആഗോള റാങ്കിംഗില്‍ ലഭിച്ചത് ഏഴാം സ്ഥാനവും.

എയര്‍ ട്രാന്‍സ്പോര്‍ട്ട് അസ്സോസിയേഷന്‍ (ഐ എ ടി എ) നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹെന്‍ലി പാസ്സ്പോര്‍ട്ട് ഇന്‍ഡക്സാണ് ആഗോള റാങ്കിങ് നടത്തുന്നത്. ഓരോ രാജ്യങ്ങളിലേയും പാസ്സ്പോര്‍ട്ടുകള്‍ ഉള്ളവര്‍ക്ക് മുന്‍കൂട്ടി വിസ എടുക്കാതെ എത്ര രാജ്യങ്ങള്‍ സന്ദര്‍ശിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിക്കുന്നത്. 2020-ല്‍ തൊണ്ണൂറാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ നില മെച്ചപ്പെടുത്തി 83-)0സ്ഥാനത്ത് എത്തിയിട്ടുണ്ട്. 58 രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ഉള്ളവര്‍ക്ക് വിസ ഇല്ലാതെയോ വിസ-ഓണ്‍ അറൈവല്‍ അടിസ്ഥാനത്തിലോ യാത്രചെയ്യാന്‍ കഴിയുക.

ഇതില്‍ ഏറ്റവും താഴെയുള്ളത് അഫ്ഗാനിസ്ഥാനാണ്. വെറും 26 രാജ്യങ്ങളിലേക്ക് മാത്രമാണ് മുന്‍കൂട്ടി വിസ എടുക്കാതെ അഫ്ഗാന്‍ പാസ്സ്പോര്‍ട്ട് ഉള്ളവര്‍ക്ക് യാത്രചെയ്യാന്‍ കഴിയുക. കോവിഡ് നിയന്ത്രണങ്ങള്‍ കണക്കാക്കാതെയാണ് ഈ കണക്കെടുപ്പ് നടത്തിയിട്ടുള്ളത്. പല രാജ്യങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ വിസ ചട്ടങ്ങളിലും ഭേദഗതി ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ ഭേദഗതികള്‍ ഒക്കെയും താത്ക്കാലികമായതിനാലാണ് അവ റാങ്കിംഗിനായി പരിഗണിക്കാത്തത്.

188 രാജ്യങ്ങളിലേക്ക് മുന്‍കൂട്ടി വിസ എടുക്കാതെ യാത്ര ചെയ്യാവുന്ന ആസ്ട്രിയന്‍ പാസ്സ്പോര്‍ട്ടും ഡെന്മാര്‍ക്ക് പാസ്സ്പോര്‍ട്ടും, നെതര്‍ലാന്‍ഡ്സും സ്വീഡനും നാലാം സ്ഥാനത്ത്‌എത്തിയപ്പോള്‍ 187 രാജ്യങ്ങളുമായി അയര്‍ലന്‍ഡും പോര്‍ച്ചുഗലും അഞ്ചാം സ്ഥാനത്ത് ഇടംപിടിച്ചു.