യുപിയിൽ കരുക്കൾ നീക്കി ബിജെപി; ആദ്യ മൂന്ന് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളായി

Share Now

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി ബിജെപി. സംസ്ഥാനത്ത് ആദ്യ മൂന്ന് ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ അന്തിമ സ്ഥാനാർത്ഥികളായി. 172 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളാണ് അന്തിമമായിരിക്കുന്നത്. ഇന്നലെ ബിജെപി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

യോഗത്തിൽ 300 സീറ്റുകൾക്കായി ചർച്ചകൾ നടന്നെങ്കിലും ആദ്യ മൂന്ന് ഘട്ടങ്ങളിൽ മത്സരിക്കുന്നവർക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് തയ്യാറായതെന്ന് ബിജെപിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിൽ ഈ പേരുകൾ മുന്നോട്ട് വെയ്‌ക്കും. അംഗീകാരം ലഭിച്ചതിന് പിന്നാലെ വരും ദിവസങ്ങളിൽ 172 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങൾ പുറത്തുവിടും.

ഇന്നലെ നടന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപിയുടെ ഉത്തർപ്രദേശ് ചുമതലയിലുള്ള ധർമ്മേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുത്തിരുന്നു. രാവിലെ 11 മണിയ്‌ക്ക് ചേർന്ന യോഗം ഇന്ന് പുലർച്ചെ 1.35 വരെ നീണ്ടു. ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഫെബ്രുവരി 10 ന് ആണ് തെരഞ്ഞെടുപ്പ് ആരംഭിക്കുക. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ 11 ജില്ലകളിലെ 58 സീറ്റുകളിൽ വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 14ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ 55 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടമായ ഫെബ്രുവരി 20 ന് 59 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. ഈ മൂന്ന് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളാണ് അന്തിമമായിരിക്കുന്നത്.

ഫെബ്രുവരി 23ന് നാലാം ഘട്ടത്തിൽ 60 സീറ്റുകളിലേക്കും, ഫെബ്രുവരി 27ന് നടക്കുന്ന അഞ്ചാം ഘട്ടത്തിൽ 60 സീറ്റുകളിലേക്കും, മാർച്ച് മൂന്നിന് ആറാം ഘട്ടത്തിൽ 57 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. മാർച്ച് 7 ന് ആണ് അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. 54 സീറ്റുകളിലാണ് അന്ന് വോട്ടെടുപ്പ് നടക്കുക.