കിഴക്കൻ ലഡാക്കിൽ ഭീഷണി ഒഴിഞ്ഞിട്ടില്ല; ഏത് ആക്രമണവും നേരിടാൻ ഇന്ത്യൻ സേന സുസജ്ജം;

Share Now

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ചൈനീസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ഇന്ത്യൻ സൈന്യം ഏത് സാഹചര്യം നേരിടാനും സജ്ജമാണെന്നും കരസേന മേധാവി എംഎം നരവാനെ. കഴിഞ്ഞ ഒന്നര വർഷമായി പ്രദേശത്ത് സൈന്യം ശക്തമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജനുവരി 1ന് പുതിയ ചൈനീസ് അതിർത്തി നിയമം നിലവിൽ വന്നിട്ടും അനിഷ്ടകരമായ സംഭവങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും, ഏത് നിമിഷവും ഒരു ആക്രമണം നേരിടാൻ സേന തയ്യാറാണെന്നും നരവാനെ പറഞ്ഞു. ജനുവരി 15ന് കരസേനാ ദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്ത്യൻ സേന തുടർന്നും കർശനമായി തന്നെ ചൈനീസ് പട്ടാളത്തെ നേരിടും. ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും ശ്രമിക്കും. എങ്കിലും വടക്കൻ അതിർത്തിയിൽ സൈനിക സന്നാഹം തുടരും. ഭീകരയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ തന്നെ ഇന്ത്യൻ നടപടികൾ സ്വീകരിക്കും. ചൈനീസ് സേനയെ കൂടുതൽ ഭാഗങ്ങളിൽ വിന്യസിച്ച് ഭീകരാന്തരീഷം സൃഷ്ടിക്കാനാണ് അവരുടെ നീക്കം. എന്നാൽ ഇന്ത്യൻ സൈന്യം അതിലും നാലിരട്ടി കരുത്തോടെ മറുപടി നൽകുക തന്നെ ചെയ്യും’ കരസേന മേധാവി പറഞ്ഞു.

സൈന്യം കടുത്ത വെല്ലുവിളികൾ തരണം ചെയ്താണ് മുന്നേറുന്നത്. കൊറോണ, ചൈനയുമായുള്ള അതിർത്തി സംഘർഷം, തീവ്രവാദികളുടെ ആക്രമണങ്ങൾ തുടങ്ങിയവയാണ് സൈന്യം നേരിടുന്ന പ്രധാന വിഷയങ്ങൾ. കിഴക്കൻ ലഡാക്കിൽ വീണ്ടും സംഘർഷ സാധ്യത തള്ളിക്കളയുന്നില്ല. യുദ്ധം അവസാന ആശ്രയമാണ്. എന്നാൽ കിഴക്കൻ ലഡാക്കിൽ ചൈന ഉയർത്തുന്ന വെല്ലുവിളികൾ സൈന്യം നേരിടുക തന്നെ ചെയ്യും. അവസാന വിജയം ഇന്ത്യൻ സേനയ്‌ക്ക് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ സുരക്ഷയ്‌ക്കും സമാധാനാത്തിനും എതിരായ ഒരു നീക്കത്തിനും സേന മുതിരില്ല. സമാധാനം നിലനിർത്തി എത്രനാൾ വേണമെങ്കിലും ഇന്ത്യക്കായി പൊരുതാൻ സൈന്യം സുസജ്ജമാണെന്നും നരവാനെ അറിയിച്ചു. അതിർത്തി പ്രദേശങ്ങളിൽ സിവിലിയൻ ഗ്രാമങ്ങൾ സ്ഥാപിച്ച് തങ്ങളുടെ പരമാധികാരവും അഖണ്ഡതയും ആർക്കും തകർക്കാനാവില്ലെന്ന് പ്രഖ്യാപിക്കുന്ന ചൈനയുടെ പുതിയ അതിർത്തി നിയമത്തെക്കുറിച്ചും നരവാനെ പരാമർശിച്ചു.

അതേസമയം, 14-ാമത് ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്നലെ ആരംഭിച്ചു. ചർച്ചയിൽ ലഫ്റ്റനന്റ് ജനറൽ അനിന്ദ്യ സെൻഗുപ്തമാണ് ഇന്ത്യയെ നയിച്ചത്.