ഇന്ന് മകരവിളക്ക്; സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി

Share Now

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവം ഇന്ന്. ഉച്ചയ്‌ക്ക് 2.29നാണ് മകരസംക്രമ മുഹൂർത്തം. കവടിയാർ കൊട്ടാരത്തിൽ നിന്നുള്ള മുദ്രയിലെ നെയ്യ്, സംക്രമവ വേളിയിൽ അഭിഷേകം ചെയ്യും. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20ന് ശേഷം സന്നിധാനത്തെത്തും. തന്ത്രിയും മേൽശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. 6.30നും 6.45നും മദ്ധ്യേ ദീപാരാധന. തുടർന്നാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് മകരവിളക്ക് ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ കാരണം ഇത്തവണ പർണശാലകൾ കെട്ടാൻ അനുവാദമില്ലാതിരുന്നെങ്കിലും, സന്നിധാനത്തും പമ്പയിലും കൂടാതെ, പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം മകരജ്യോതി ദർശനത്തിന് അയ്യപ്പഭക്തർ കാത്തിരിക്കുന്നു.

ദക്ഷിണായനത്തിൽ നിന്ന് ഉത്തരായനത്തിന്റെ തുടക്കം കുറിച്ച് സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേയ്‌ക്ക് മാറുന്ന സംക്രമവേളയിലാണ് മകരസംക്രമപൂജ. സൂര്യൻ രാശി മാറുന്ന മുഹൂർത്തത്തിലാണ് അയ്യപ്പന് അഭിഷേകം നടത്തുന്നത്. മകരജ്യോതിക്ക് ശേഷം രാത്രിയിൽ അയ്യപ്പനെ ആനപ്പുറത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാം പടിയിലേയ്‌ക്ക് ആനയിക്കുന്നു.

പൊന്നമ്പലമേട്ടിൽ ശാസ്താവിന്റെ ശ്രീമൂലസ്ഥാനത്താണ് മകരവിളക്ക് തെളിയുന്നത്. എല്ലാവർഷവും മകരവിളക്ക് ദർശനത്തിനായി ലക്ഷക്കണക്കിന് ഭക്തരാണ് എത്താറുള്ളത്. ഇക്കുറി കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്ത് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു.