കൊവിഡ് കേസുകൾ കുതിച്ചുയരുന്നു; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ രണ്ടര ലക്ഷം കടന്നു

Share Now

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ (Covid 19) എണ്ണം രണ്ടര ലക്ഷം കടന്നു. ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ് (Maharastra). ഒരു ദിവസത്തിനിടെ നാൽപത്തി ആറായിരത്തിൽ അധികം പേർക്ക് ആണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ദില്ലിയിലെ കേസുകളിൽ റെക്കോഡ് പ്രതിദിന വർധനയാണ് ഉണ്ടായത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 28000ൽ അധികം പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് 28 ശതമാനത്തിൽ എത്തി. പശ്ചിമ ബംഗാളിൽ പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയർന്ന് 32.13 ശതമാനമായി. 

ഉത്തർപ്രദേശ്, ബിഹാർ , ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ കൂടി. ഇതിനിടെ കോവാക്സിന് പൂർണ്ണ വാണിജ്യ അനുമതി തേടി ഭാരത് ബയോട്ടെക് ഡിസിജിഐയെ സമീപിച്ചു. നിലവിൽ അടിയന്തര ഉപയോഗ അനുമതി മാത്രമാണ് ഉള്ളത്.

കേസുകൾ ഉയരുമ്പോഴും ദേശീയ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നൽകിയത്. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം. വാക്സീനാണ് വൈറസിനെതിരെയുള്ള പ്രധാന ആയുധമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷവും അതിജീവിച്ചത് പോലെ ഇത്തവണയും കൊവിഡിനെ അതിജീവിക്കാനാകുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ രാജ്യത്തോടുള്ള അഭിസംബോധനയിലും പറഞ്ഞത്.