യു.എ.ഇയിൽ സമ്പൂർണ ലോക്ഡൗൺ ഇനിയുണ്ടാവില്ലെന്ന് വിദേശ വ്യാപാര വകുപ്പ് മന്ത്രി
അബുദാബി : കൊറോണയേയോ വൈറസിന്റെ വകഭേദങ്ങളെ തുടർന്നോ സമ്പൂർണ ലോക്ഡൗൺ നടപ്പാക്കില്ലെന്ന് വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ. താനി അഹ്മദ് അൽ സയൂദി അറിയിച്ചു .ഡെൽറ്റയെ അപേക്ഷിച്ച് ഒമിക്രോൺ ആഘാതം കുറവാണ്. ഡെൽറ്റയുടെ സമയത്ത് പോലും രാജ്യം ലോക്ഡൗണിലേക്ക് പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും തമ്മിലെ സന്തുലിതത്വം ഉണ്ടായിരുന്നതാണ് ഇതിന് കാരണം. ഇനി ഭാവിയിൽ പുതിയ വകഭേദങ്ങളുണ്ടായാലും ലോക്ഡൗണിലേക്ക് മടങ്ങില്ല. 2021ൽ സമ്പദ് രം ഗം വളരെ പ്രോത്സാഹനാത്മകമായ മുന്നേറ്റമാണ് നടത്തിയത്. 2022ൽ യുഎഇ ഉറച്ച അടിത്തറയിലാണ് നിൽക്കുന്നതെന്നും താനി അഹ്മദ് അൽ സയൂദി പറഞ്ഞു.
2020 ന്റെ തുടക്കത്തിൽ യുഎഇ ലോക്ക്ഡൗണും യാത്രാ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജ്യത്തുടനീളം കർശനമായ സുരക്ഷയും മുൻകരുതൽ നടപടികളും പ്രയോഗിച്ച് ആദ്യമായി തുറന്ന രാജ്യം കൂടിയാണ് യുഎഇ.