വിദേശ പൗരന്റെ മദ്യം ഒഴുക്കി കളഞ്ഞ സംഭവം; സസ്‌പെൻഷനിലായ ഗ്രേഡ് എസ്‌ഐയെ സർവീസിൽ തിരിച്ചെടുത്തു

Share Now

തിരുവനന്തപുരം: പുതുവർഷ ദിനത്തിന് തലേന്ന് നടത്തിയ പോലീസ് പരിശോധനയിൽ വിദേശപൗരന്റെ മദ്യം ഒഴുക്കിക്കളഞ്ഞ സംഭവത്തിൽ സസ്‌പെൻഷനിലായ എസ്‌ഐയെ തിരിച്ചെടുത്തു. കോവളം ഗ്രേഡ് എസ്‌ഐ ഷാജിയെയാണ് സർവീസിൽ തിരിച്ചെടുത്തത്. ഷാജിയെ പൂന്തുറ സ്റ്റേഷനിലേയ്‌ക്ക് നിയമിക്കുമെന്നാണ് സൂചന.

ഡിസംബർ 31ന് ബെവ്‌കോയിൽ നിന്നും വാങ്ങിയ മദ്യവുമായി സ്‌കൂട്ടറിൽ പോയ വിദേശപൗരനെ പോലീസ് തടഞ്ഞ സംഭവം വിവാദമായിരുന്നു. തുടർന്ന് പരിശോധനാസംഘത്തിലുണ്ടായിരുന്ന ഷാജിയെ ഡിജിപിയുടെ നിർദ്ദേശാനുസരണം സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഇത് വിനോദസഞ്ചാര മേഖലയ്‌ക്ക് നാണക്കേടുണ്ടാക്കി എന്ന കാരണത്താൽ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടി. സംഭവത്തിൽ എസ്‌ഐ അടക്കം മൂന്ന് പോലീസുകാർക്ക് നേരെ വകുപ്പുതല അന്വേഷണം നടത്തി.

അതേസമയം, താൻ നിയമം നടപ്പാക്കുകയാണ് ചെയ്തതെന്ന് വിശദീകരിച്ച് എസ്‌ഐ ഷാജി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. വിദേശപൗരൻ വിനോദ സഞ്ചാരി അല്ലെന്നും, കഴിഞ്ഞ നാല് വർഷത്തിലേറെയായി ഇയാൾ കോവളത്ത് താമസിക്കുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.