ഉമ്മിനി വീണ്ടും പുലി ഭീതിയിൽ; പ്രദേശത്ത് മറ്റൊരു പുലി സാന്നിധ്യം

Share Now

പാലക്കാട്: ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. പുലി പ്രസവിച്ച് കിടന്ന വീടിന് സമീപത്തെ സൂര്യ നഗറിലാണ് പുലി എത്തിയത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഇന്നലെ രാത്രി സൂര്യനഗറിലെ ഷട്ടിൽ കോർട്ടിലെ സെക്യൂരിറ്റിയാണ് പുലിയെ കണ്ടത്. ഇതിന് സമീപത്തായി നായകളെ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ഞായറാഴ്ചയാണ് ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിൽ പുലി പെറ്റു കടിക്കുന്നത് കണ്ടെത്തിയത്. ആദ്യത്തെ പുലിക്കുഞ്ഞിനെ തള്ളപ്പുലി കൊണ്ടുപോയെങ്കിലും, രണ്ടാമത്തെ കുഞ്ഞിനെ തേടി വരാത്ത സാഹചര്യത്തിൽ ആ കുഞ്ഞിനെ വനം വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേയ്‌ക്ക് മാറ്റിയിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡിന്റെ ഉത്തരവിനെ തുടർന്നാണ് പുലിക്കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേയ്‌ക്ക് മാറ്റിയത്.

ഫോറസ്റ്റ് വെറ്റിനറി ഡോക്ടറുടെ മുഴുവൻ സമയ സേവനം ലഭിക്കുന്നതിനായി തൃശൂർ അകമല ഫോറസ്റ്റ് സ്റ്റേഷനിലേക്കാണ് രണ്ടാമത്തെ കുഞ്ഞിനെ മാറ്റിയത്. രണ്ടാഴ്ചയോളം പരിപാലിച്ച് വീണ്ടും വനത്തിലേക്ക് മാറ്റാൻ ശ്രമം നടത്തും. ഉമ്മിനിയിൽ പുലി പ്രസവിച്ച സ്ഥലത്തെ വീടും പരിസരവും വനം വകുപ്പിന്റെ നേതൃത്വത്തിൽ വൃത്തിയാക്കാൻ ആരംഭിച്ചിരുന്നു. ഇവിടെയുള്ള കാടുകൾ വെട്ടിത്തെളിച്ച് ജനവാസ മേഖലയിലെ പുലി ഭീഷണി ഒഴിവാക്കാണ് അധികൃതരുടെ ശ്രമം.