ആർമി ഡേയ്‌ക്ക് നിറം പകർന്ന് ഖാദിയിൽ തീർത്ത ഏറ്റവും വലിയ ദേശീയപതാക; ജയ്സാൽമീറിന്റെ വാനിൽ പാറിപറക്കും

Share Now

ന്യൂഡൽഹി: ആർമി ഡേ ആഘോഷങ്ങളുടെ ഭാഗമായി ഖാദിയിൽ ഒരുക്കിയ ഏറ്റവും വലിയ ദേശീയ പതാക കൗതുകമാകുന്നു. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഇന്ത്യ-പാകിസ്താൻ അതിർത്തിയിലാണ് പതാക സ്ഥാപിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം(എംഎസ്എംഇ) ആണ് ഇതിന് പിന്നിൽ.

225 അടി നീളവും, 150 അടി വീതിയും 1400 കിലോഗ്രാം ഭാരവുമാണ് പതാകയ്‌ക്ക് ഉള്ളത്. ഏകദേശം 49 ദിവസമെടുത്താണ് എഴുപതിൽപരം ഖാദി കരകൗശല വിദഗ്ധർ പതാക തയ്യാറാക്കിയത്. പതാകയിലെ അശോകചക്രത്തിന് 30 അടി വ്യാസമുണ്ട്. 3500 മണിക്കൂറെടുത്താണ് പതാകയുടെ നിർമ്മാണം പൂർത്തിയാക്കിയത്.

1971ൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ ഐതിഹാസിക യുദ്ധത്തിന്റെ കേന്ദ്രമായിരുന്ന ലോംഗെവാലിയിലാണ് പതാക പ്രദർശിപ്പിക്കുന്നത്. ലേ, ജമ്മുകശ്മീർ, മുംബൈ എന്നിവിടങ്ങൾക്ക് ശേഷം ഖാദിയിൽ നിർമ്മിച്ച ഏറ്റവും വലിയ ദേശീയ പതാക ഉയർത്തുന്നത് ജയ്‌സാൽമീറിലാണ്.

2021 ഒക്ടോബർ 2നാണ് ലേയിൽ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക ഉയർത്തിയത്. ശേഷം വ്യോമസേന ദിനത്തോടനുബന്ധിച്ച് ഹിൻഡൺ എയർബേസിലും, 100 കോടി വാക്‌സിനേഷൻ എന്ന നേട്ടം കൈവരിച്ചതിന്റെ ഭാഗമായി റെഡ് ഫോർട്ടിലും ലോകത്തിലെ ഏറ്റവും വലിയ പതാകയായ ഭാരതത്തിന്റെ ദേശീയ പതാക ഉയർത്തിയിരുന്നു. 2021 ഡിസംബർ 4ന് നേവി ദിനം ആഘോഷിക്കാൻ മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപമുള്ള നേവൽ ഡോക്ക് യാർഡിലും ദേശീയ പതാക ഉയർത്തിയിരുന്നു.

ഇന്ത്യയുടെ അഭിമാനവും, പൈതൃകവും എടുത്തുകാണിക്കുന്ന ദേശീയ പതാക, ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായാണ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ തയ്യാറാക്കിയത്. ചരിത്രപ്രാധാന്യമുള്ള ദിനങ്ങളിൽ ഭാരതത്തിലെ പ്രമുഖ സ്ഥലങ്ങളിലാണ് പതാക പ്രദർശിപ്പിക്കുന്നത്.