പാകിസ്താന് പുറകേ ഭീകരരുടെ സ്വന്തം മേഖലയിലേയ്‌ക്ക് ചൈന ; ആഫ്രിക്കയ്‌ക്ക് പിന്നാലെ ഐ.എസ് കേന്ദ്രമായ സിറിയയിലും ബൽറ്റ് റോഡ് പദ്ധതി

Share Now

ദമാസ്‌ക്കസ്: ലോകത്തിലെ വിവിധ ദരിദ്രരാജ്യങ്ങളെ അങ്ങോട്ട് ചെന്ന് സഹായിച്ച് കുരുക്കിലാക്കുന്ന ചൈനയുടെ അടുത്ത കാൽവെയ്പ്പ് ഇനി ഐ.എസ് കേന്ദ്രമായ സിറിയയിൽ. ബെൽറ്റ് റോഡ് പദ്ധതി പാകിസ്താനിൽ നടപ്പാക്കിയതിന് പിന്നാലെ യാണ് ഭീകരരുടെ സ്വന്തം നാടായ സിറിയയെ ചൈന താവളമാക്കുന്നത്.

നിക്വരാഗ്വയുമായി ധാരണയിലെത്തിയതിന് പിന്നാലെയാണ് ചൈന സിറിയ യുമായും ധാരണയിലെത്തിയത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും സിറിയൻ പ്രസിഡന്റ് ബാർ അൽ അസദും ടെലഫോണിലൂടെയാണ് കരാർ ഉറപ്പിച്ചത്. ദമാസ്‌കസിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഇരു രാജ്യങ്ങളുടേയും തലവന്മാർ വെർച്വൽ യോഗത്തിലൂടെ ഔദ്യോഗികമായി പദ്ധതി അംഗീകരിച്ചത്.

2013 മുതലാണ് ചൈന ആഗോളതലത്തിൽ തങ്ങൾക്ക് ബന്ധമുള്ള രാജ്യങ്ങളുടെ നിർമ്മാണ മേഖല കയ്യടക്കാൻ തുടങ്ങിയത്. ബെൽറ്റ് റോഡ് ഇനീഷ്യേറ്റീവ് എന്ന പദ്ധതി പ്രകരാം തുറമുഖങ്ങളേയും വിമാനത്താവളങ്ങളേയും ബന്ധപ്പെടു ത്തിയുള്ള ചരക്കു നീക്കങ്ങൾക്കായി വൻ ദേശീയപാത പദ്ധതികളാണ് ചൈന നടപ്പാക്കുന്നത്. ദീർഘകാലത്തേക്ക് ചൈന നിർമ്മിക്കുകയും ചൈന നിയന്ത്രിക്കുകയും ചെയ്യുന്ന തുറമുഖങ്ങളും ഗതാഗതവും വാണിജ്യ സംവിധാനങ്ങളുമാണ് ഇത്തരത്തിൽ പണിതീർക്കുന്നത്. നടപ്പാക്കുന്ന രാജ്യങ്ങൾക്ക് സമീപകാലത്തൊന്നും തിരിച്ചടയ്‌ക്കാൻ സാധിക്കാത്ത അത്ര ഭീമമായ പദ്ധതികളാണ് ചൈനയുടെ തന്ത്രം.

ഏഷ്യൻ മേഖലയിൽ പാകിസ്താനേയും ശ്രീലങ്കയേയും തങ്ങളുടെ സാമ്പത്തിക അടിമയാക്കിയുള്ള നിഴൽ യുദ്ധമാണ് ചൈന സ്വീകരിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഖനനം വഴി ധാതുക്കളും കാടുകൾ കൊള്ളയടിച്ച് വൻതോതിൽ തടികളും കടത്തുകയാണ്. ചൈന പണിയുന്ന തുറമുഖങ്ങളും അനുബന്ധ റോഡുകളും ഇതിനായി ഉപയോഗിക്കുന്നു. കെനിയയിൽ അതി വിപുലമായ റെയിൽ സംവിധാനമാണ് ചൈന ഒരുക്കുന്നത്. അന്താരാഷ്‌ട്ര നാണ്യനിധിയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പണം കടം വാങ്ങാനുള്ള നീണ്ട കാലാവധിയും അന്താരാഷ്‌ട്ര നിയമങ്ങളുടെ നൂലാമാലയും സമർത്ഥമായി മറികടക്കാൻ ചൈന സഹായിക്കുന്നു.

ചൈനയുടെ കുതന്ത്രം മനസ്സിലാക്കി നിരവധി രാജ്യങ്ങളും പദ്ധതികളോട് സഹകരിക്കാൻ തയ്യാറായിട്ടില്ല. അമേരിക്കയോടുള്ള ശത്രുത പരസ്യമാക്കിയ ഇറാൻ, സിറിയ, പലസ്തീൻ തുടങ്ങി നിരവധി രാജ്യങ്ങളും യൂറോപ്പ് പൊതുവേ അകറ്റി നിർത്താറുള്ള ആഫ്രിക്കൻ രാജ്യങ്ങളുമാണ് ചൈനയുടെ താവളങ്ങളായി മാറുന്നത്.