അത് ഞാനല്ല, ദേഷ്യം വന്നപ്പോൾ പറഞ്ഞുപോയതാണ്; യുപിയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി താനാണെന്ന് പറഞ്ഞത് തിരുത്തി പ്രിയങ്ക വദ്ര

Share Now

ന്യൂഡൽഹി: യുപിയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ചതിന് പിന്നാലെ പറഞ്ഞത് തിരുത്തി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക വദ്ര. മുഖ്യമന്ത്രി സ്ഥാനാർത്ഥി താനാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് പ്രിയങ്ക ഇന്ന് പറഞ്ഞത്. മാദ്ധ്യമപ്രവർത്തകരുടെ തുടർച്ചയായ ചോദ്യങ്ങളിൽ അസ്വസ്ഥയായിപ്പോയി. അതുകൊണ്ട് അൽപ്പം അതിശയോക്തി കലർന്ന രീതിൽ അങ്ങനെ പറഞ്ഞതാണെന്നും പ്രിയങ്ക പറയുന്നു. ‘ ഉത്തർപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഞാനാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞത് ആകെ അസ്വസ്ഥതയോടെയാണ്. ഒരേ ചോദ്യം തന്നെ തുടർച്ചയായി ചോദിച്ചപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും’ പ്രിയങ്ക പറഞ്ഞു.

ഉത്തർപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പാർട്ടി ഒരുമിച്ചിരുന്ന് തീരുമാനിക്കും. ഇതുവരെ ഈ വിഷയത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഞാൻ അല്ലാതെ മറ്റൊരു മുഖം നിങ്ങൾ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങൾക്ക് എല്ലായിടത്തും കാണാൻ സാധിക്കും എന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കുറിച്ചുള്ള ചോദ്യത്തിന് പ്രിയങ്കയുടെ ഇന്നലത്തെ മറുപടി. കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രിയങ്കയാണെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പ്രിയങ്ക വിശദീകരണവുമായി രംഗത്തെത്തിയത്.