സൂര്യനില്‍ നിന്നുള്ള പ്ലാസ്മാ പ്രവാഹം ഇന്ന് ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്; വൈദ്യുത സംവിധാനങ്ങളില്‍ തകരാറ് ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

Share Now

സൂര്യനില്‍ നിന്ന് പ്ലാസ്മാ പ്രവാഹം ഇന്ന് ഭൂമിയില്‍ പതിക്കുമെന്ന് റിപ്പോര്‍ട്ട്. എആര്‍2987 എന്ന സൗരകളങ്കത്തില്‍ നിന്നും പ്ലാസ്മാപ്രവാഹം സംഭവിച്ചുവെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് ഇത് ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ അധികം തീവ്രത ഇല്ലാത്ത പ്രവാഹമായതിനാല്‍ ഭൂമിയിലേക്കുള്ള ഉപഗ്രഹ, ആശയ വിനിമയ സംവിധാനങ്ങളെ ഇത് ബാധിച്ചേക്കില്ലെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം വൈദ്യുത സംവിധാനങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

മണിക്കൂറില്‍ ഇരുപത് ലക്ഷത്തിലധികം കിലോമീറ്റര്‍ വേഗതയിലാണ് കണങ്ങള്‍ സഞ്ചരിക്കുന്നത്. സൂര്യന്റെ ഉപരിതലത്തില്‍ കാണപ്പെടുന്ന ഇരുണ്ട മേഖലകളാണ് സൗരകണങ്ങള്‍. സൂര്യന്റെ ശക്തമായ കാന്തികപ്രസരണം മൂലമാണ് ഇവയുണ്ടാകുന്നത്. സൂര്യകളങ്കങ്ങളില്‍ നിന്നാണ് പ്ലാസ്മകള്‍ പുറന്തള്ളുന്നത്. ഇന്ന് ഇവ ഭൂമിയില്‍ പതിക്കുമെന്നാണ് മുന്നറിയിപ്പ്.

ഏപ്രില്‍ 11നാണ് എആര്‍2987 പൊട്ടിത്തെറിച്ച് റേഡിയേഷന്‍ പുറത്ത് വിട്ട് തുടങ്ങിയത്. ഭൗമാന്തരീക്ഷത്തിലേക്ക് ഇവ എത്തുമ്പോള്‍ ഭൂമിയുടെ കാന്തിക മണ്ഡലങ്ങളുമായി പ്രവര്‍ത്തിച്ച് ധ്രുവപ്രദേശങ്ങളില്‍ ഓറോറ പ്രതിഭാസത്തിന് കാരണമാകാറുണ്ട്. ഈ പ്രവാഹം ഭൂമിയിലെത്താന്‍ ദിവസങ്ങളെടുക്കും. എന്നാല്‍ ചില തീവ്ര പ്രവാഹങ്ങള്‍ 18 മണിക്കൂറിനുള്ളിലും ഭൂമിയില്‍ പതിച്ചിട്ടുണ്ട്.