ബീസ്റ്റിന്റെ കളക്ഷനിൽ ദിനംപ്രതി വൻകുറവ്; ബോക്‌സ് ഓഫീസിൽ കെജിഎഫിന് മുന്നിൽ തകർന്നടിഞ്ഞ് വിജയ് ചിത്രം

Share Now

വിജയ് നായകനായ ചിത്രം ബീസ്റ്റിന് ബോക്‌സ് ഓഫീസിൽ വൻ തിരിച്ചടി. സിനിമയുടെ കളക്ഷൻ ദിനം പ്രതി ഇടിയുന്ന കാഴ്‌ച്ചയാണ് ദൃശ്യമാകുന്നത്. ഏപ്രിൽ 13ന് ആണ് സിനിമ റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ 72.67 കോടി വരുമാനം ലഭിച്ചു. എന്നാൽ രണ്ടാം ദിനത്തിൽ യഷ് ചിത്രം കെജിഎഫ് 2 റിലീസായത്തോടെ വൻ ഇടിവാണ് കളക്ഷനിൽ അനുഭവപ്പെട്ടത്. രണ്ടാം ദിവസം 24.18 കോടി, മൂന്നാം ദിനം 18.54 കോടി, നാലാം ദിനം 12.75 കോടി, അഞ്ചാം ദിനം 9.20 കോടി, ആറാം ദിനം 3.63 കോടി, ഏഴാം ദിനം 2.75 കോടി എന്നിങ്ങനെയാണ് കളക്ഷൻ.

കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ദക്ഷിണേന്ത്യൻ സിനിമകളാണ വിജയ് നായകനായ ബീസ്റ്റും, യഷ് നായകനായ കെജിഎഫും. വിജയ് ചിത്രം തകർച്ച നേരിടുബോൾ കെജിഎഫ് കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുകയാണ്. ഒരു വശത്ത് കെജിഎഫ് 2 റെക്കോർഡുകൾക്ക് ശേഷം റെക്കോർഡുകൾ സൃഷ്ടിക്കുന്നു. മറുവശത്ത് ബീസ്റ്റ് ഒറ്റ അക്ക കളക്ഷനിലേക്ക് ചുരുങ്ങിയതായും പ്രതിദിന ഇടിവ് രേഖപ്പെടുത്തുന്നതായും റിപ്പോർട്ടുണ്ട്. യഷ് ചിത്രം ഇന്ത്യയിൽ ബോക്സ് ഓഫീസിൽ 500 കോടിക്കും ലോകമെമ്പാടുമായി 700 കോടിക്കും മേൽ കളക്ഷൻ നേടിയിട്ടുണ്ട്.

വിജയും പൂജാ ഹെഗ്ഡെയും അഭിനയിച്ച ആക്ഷൻ ചിത്രം ബീസ്റ്റ് ബുധനാഴ്ച 1.50 കോടി രൂപ നേടി, ഇന്ത്യൻ കളക്ഷൻ 120 കോടി രൂപയിലെത്തി. സാക്നിൽകിന്റെ ആദ്യകാല എസ്റ്റിമേറ്റ് റിപ്പോർട്ട് പ്രകാരം ലോകത്തെമ്പാടുമായി ചിത്രം ഏഴാം ദിവസം പിന്നിടുമ്പോൾ 143.72 കോടി രൂപയായിരുന്നു, എട്ടാം ദിവസം 145 കോടി രൂപ കടന്നേക്കും. സൗത്ത് ഇൻഡസ്ട്രീസിന്റെ ട്രാക്കർ മനോബാല വിജയബാലൻ പറയുന്നതനുസരിച്ച് ഇത് 150 കോടി രൂപയിലേക്ക് എത്തിയേക്കും.

വിജയുടെ കഴിഞ്ഞ ചിത്രമായ മാസ്റ്റർ ഇന്ത്യയിൽ 153 കോടിയും ലോകമെമ്പാടുമായി 223 കോടിയും നേടിയിരുന്നു. കൊറോണ പ്രതിസന്ധിക്കിടെയാണ് സിനിമ റിലീസ് ചെയ്തത്. എന്നിട്ടും സിനിമ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അതേസമയം മഹാമാരിക്ക് ശേഷം സിനിമകൾ വീണ്ടും മികച്ച പ്രകടനം കാഴ്‌ച്ചവെക്കാൻ തുടങ്ങിയ സമയത്താണ് ബീസ്റ്റ് റിലീസ് ചെയ്തത്. ബോളിവുഡിലെ ഗംഗുഭായ് കത്യവാഡി, ‘ദ കശ്മീർ ഫയൽസ്’, ദക്ഷിണേന്ത്യൻ സിനിമകളായ ആർആർആർ,ഭീംല നായക്, വാലിമൈ തുടങ്ങിയവ മികച്ച വിജയം നേടിയിരുന്നു.