റോബോട്ടിക് ബയോബാങ്കുമായി ദുബായ്

Share Now

ദുബായ്: യുഎഇയിലെ ആദ്യത്തെ റോബോട്ടിക് ബയോബാങ്കെന്ന പ്രഖ്യാപനവുമായി ദുബായ്. പൊതു ജനാരോഗ്യം മികച്ചതാക്കാനുള്ള ഗവേഷണങ്ങളാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുബായ് ഹെൽത്ത് കെയർ സിറ്റിയിലെ അൽ ജലീല ഫൗണ്ടേഷന്റെ ഭാഗമായ മുഹമ്മദ് ബിൻ റാഷിദ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇതിനായുള്ള സൗകര്യം ഒരുക്കുന്നത്.

മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സിലെ അംഗമായ അൽ ജലീല ഫൗണ്ടേഷൻ, മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഹെൽത്ത് സയൻസസ് , ദുബായ് ഹെൽത്ത് അതോറിറ്റി ഡിഎച്ച്എ എന്നിവയുമായി സഹകരിച്ചാണ് യുഎഇയുടെ ആദ്യത്തെ റോബോട്ടിക് ബയോബാങ്ക് സ്ഥാപിക്കുക..

ജനിതക വൈകല്യങ്ങൾ, കാൻസർ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നീ മേഖലകളിലെ മെഡിക്കൽ ഗവേഷണങ്ങളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഏഴ് ദശലക്ഷം മാതൃകകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയോടെ 2023-ൽ തുറക്കുന്ന ബയോബാങ്ക് സാമ്പിൾ ശേഷിയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഒന്നായിരിക്കും. ദുബായ് ഹെൽത്ത് കെയർ സിറ്റിയിലെ അൽ ജലീല ഫൗണ്ടേഷന്റെ ഭാഗമായ മുഹമ്മദ് ബിൻ റാഷിദ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സൗകര്യം സജ്ജീകരിക്കുന്നത്.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിൽ ബയോബാങ്ക് ഒരു പ്രധാന സംഭാവന നൽകുകയും ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ശാസ്ത്രീയ കണ്ടെത്തലുകൾ പ്രാപ്തമാക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. രക്തം, ടിഷ്യു, കോശങ്ങൾ, അല്ലെങ്കിൽ ശരീരദ്രവങ്ങൾ എന്നിങ്ങനെ എല്ലാത്തരം മനുഷ്യ ജൈവ സാമ്പിളുകളും സംഭരിക്കുന്നതിനുള്ള ഒരു സ്ഥലമാണ് ബയോബാങ്ക്.

ജൈവ സാമ്പിളുകളുമായി ബന്ധപ്പെട്ട ഡാറ്റയും ആരോഗ്യ ഗവേഷണത്തിൽ ഉപയോഗി ക്കാവുന്ന മറ്റ് ബയോമോളിക്യുലാർ ഉറവിടങ്ങളും ഇവിടെ സംഭരിക്കപ്പെടും. പൊതുജനാ രോഗ്യം മെച്ചപ്പെടുത്തുന്നതിനായി കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ സാധാരണവും ജീവൻ അപകടപ്പെടുത്തുന്നതുമായ രോഗങ്ങളെക്കുറിച്ച് പുതിയ കണ്ടെത്ത ലുകൾ നടത്താൻ ബയോബാങ്ക് ഉപയോഗപ്രദമാകും.