ചൈനീസ് വാക്സിന്‍ ഫുള്‍ ഉടായിപ്പോ? എട്ടിന്റെ പണി കിട്ടിയത് ഈ രാജ്യങ്ങള്‍ക്ക്

Share Now

ന്യൂഡൽഹി: കൊവിഡ് മഹമാരിക്കെതിരായി ചൈന നിര്‍മ്മിച്ച സിനോ ഫാം, സിനോവാക് വാക്‌സിനുകള്‍ ഫലപ്രദല്ലെന്ന് റിപ്പോര്‍ട്ട്. സിനോഫാം വാക്‌സിന്‍ സ്വീകരിച്ച രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് വ്യാപനം നടക്കുന്നെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ചൈനയ്ക്ക് പുറമെ ചിലി, ബഹ്‌റിന്‍, മംഗോളിയ തുടങ്ങിയ രാജ്യങ്ങളിലാണ് ചൈനയുടെ വാക്‌സിനുകള്‍ ജനങ്ങളില്‍ കുത്തിവെച്ചത്. ഈ രാജ്യങ്ങളിലെ 50 മുതല്‍ 68 ശതമാനം ജനങ്ങള്‍ സിനോഫാം വാക്‌സിന്‍ സ്വീകരിച്ചു.

എന്നാല്‍ കണക്കുകള്‍ പ്രകാരം അടുത്തിടെ ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനം നടന്ന പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഈ രാജ്യങ്ങളുമുണ്ട്. കൊവിഡിനെ പ്രത്യേകിച്ച് പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ ഫലപ്രദമല്ലെന്നാണ് വിദഗ്ധാഭിപ്രായമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘വാക്‌സിന്‍ ഫലപ്രദമായിരുന്നെങ്കില്‍ ഇത്തരമൊരു പാറ്റേണ്‍ നമ്മള്‍ കാണില്ലായിരുന്നു. ഇത് പരിഹരിക്കുന്നതില്‍ ചൈനയ്ക്ക് ഉത്തരവാദിത്വമുണ്ട്,’ യൂണിവേഴ്‌സിറ്റി ഓഫ് ഹോങ് കോങ്ങിലെ വൈറോളജിസ്റ്റായ ജിന്‍ ഡോങ്യാന്‍ പറയുന്നു.

അതേസമയം കൊവിഡ് വാക്‌സിനേഷന് ശേഷം പ്രോട്ടോക്കോളുകളില്‍ വരുന്ന അയവും അശ്രദ്ധയും കൊവിഡ് വ്യാപനത്തിനിടയാക്കുന്നുണ്ടെന്ന് ശാസ്ത്ര ലോകം പറയുന്നു. അതേസമയം തങ്ങളുടെ വാക്‌സിന്റെ ഫലപ്രാപ്തിക്കുറവ് കൊണ്ടല്ല കൊവിഡ് നിയന്ത്രണ വിധേയമാവാത്തതെന്ന് ചൈന പറയുന്നു. രോഗബാധ തടയാനാവശ്യമായ അനുപാതത്തില്‍ ജനസംഖയില്‍ രാജ്യങ്ങള്‍ വാക്‌സിനേഷന്‍ നടന്നിട്ടില്ലെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സിനോഫാം വാക്‌സിന്റെ ക്ലിനിക്കല്‍ ഡാറ്റാ വിവരങ്ങള്‍ ചൈന പൂര്‍ണമായും പുറത്തുവിടാത്തതിലും ശാസ്ത്ര ലോകം ചോദ്യമുയര്‍ത്തുന്നുണ്ട്. ചൈനീസ് വാക്‌സിനെ ആശ്രയിച്ച മംഗോളിയയില്‍ ജനസംഖ്യയിലെ 52 ശതമാനത്തിലും വാക്‌സിനേഷന്‍ നടത്തിയിരുന്നു. എന്നാല്‍ ഞായറാഴ്ച 2400 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസത്തേക്കാള്‍ നാലിരട്ടിയധികമാണിത്.

അതേസമയം വാക്‌സിനേഷന് പിന്നാലെ ഈ രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവും വരുത്തിയിരുന്നു. ഇതു രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്. ബഹ്‌റിന്‍ യുഎഇ എന്നീ രാജ്യങ്ങളും സിനോഫാം വാക്‌സിന്‍ ഷോട്ടുകള്‍ രാജ്യത്ത് വാക്‌സിനേഷന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. വാക്‌സിന്‍ ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റ പുറത്തു വിടുന്നതിനു മുമ്പേയായിരുന്നു ഇരു രാജ്യങ്ങളുടെയും നടപടി. എന്നാല്‍ ഈ രണ്ടു രാജ്യങ്ങളിലും രോഗവ്യാപന നിയന്ത്രണം സാധ്യമായില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *