സിയോണയും 39 ഭാര്യമാരും 94 മക്കളും; ഇത് ലോകത്തിലെ ഏറ്റവും വലിയ കുടുംബം, സന്തുഷ്ട കുടുംബം!

Share Now

39 ഭാര്യമാരും 94 മക്കളും അടങ്ങുന്നതാണ് സിയോണ ചാനയുടെ കുടുംബം. പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ വിശേഷങ്ങളാണ്. ഒരു ഭീമൻ കുടുംബമാണ് ഇത്… ഈ കുടുംബത്തിന് കൂട്ടായി 14 മരുമക്കളും 33 പേരകുട്ടികളുമുണ്ട്. ഈ ഭീമൻ കുടുംബമുള്ളത് മറ്റെങ്ങുമല്ല, ഇന്ത്യയിൽ തന്നെയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നായ മിസോറാമിലാണ് ഈ കുടുംബമുള്ളത്. എഴുപത്തിയാറുകാരനായ സിയോണയാണ് കുടുംബനാഥൻ. ഇദ്ദേഹം കഴിഞ്ഞ വർഷം മരണപ്പെട്ടിരുന്നു. നോക്കാം ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ വിശേഷങ്ങൾ.

‘ചുവാൻ താർ റൺ’ അഥവാ ‘ന്യൂ ജനറേഷൻ ഹോം’ എന്നാണ് സിയോണയുടെ കുടുംബത്തെ അറിയപ്പെടുന്നത്. 100 മുറികളുള്ള ഭീമൻ കെട്ടിടത്തിലാണ് മിസോറാമിലെ സിയോണ ചാനിന്റെ കുടുംബം താമസിക്കുന്നത്. സിയോണക്ക് മാത്രം ഒരു വലിയ മുറിയും ബാക്കി ഭാര്യമാർക്ക് ഡോർമെട്രിയുമാണ് ഇവിടെ ഉള്ളത്. ഭാര്യമാർ തമ്മിൽ കലഹമോ മരുമക്കളും അമ്മായിയമ്മമാരും തമ്മിൽ അടിപിടിയോ ഒന്നും ഇല്ലാതെ പരസ്പരം സ്‌നേഹത്തോടും ഐക്യത്തോടെ കൂടി കഴിയുന്നു എന്നതാണ് ഈ വീട്ടിലെ ഏറ്റവും വലിയ പ്രത്യേകത.

ആകെ 180 ആളുകളുണ്ട് ഈ വീട്ടിൽ. ഇത്രയും ആളുകൾ ഉള്ളതിനാൽ വീട്ടിൽ തന്നെ അത്യാവശ്യത്തിന് കൃഷിയും ഇവർ ചെയ്യുന്നുണ്ട്. ഒരു നേരത്തെ ആഹാരത്തിന് 30 കോഴികൾ, വൈകുന്നേരത്തെ മാത്രം ഭക്ഷണത്തിനായി 59 കിലോ കിഴങ്ങ് എന്നൊക്കെയാണ് ഇവരുടെ കണക്ക്. എന്തിനേറെ 99 കിലോ ഭക്ഷണം വരെ ഒരു ദിവസം ഉപയോഗിക്കേണ്ടി വരാറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു പഞ്ചായത്ത് ആയി തന്നെ ഈ വീടിനെ കണക്കാക്കാം.

‘ചീന പൗൽ’ എന്ന മത വിഭാഗത്തിന്റെ നേതാവായിരുന്നു സിയോണ. ‘ചാന’ എന്നും അത് അറിയപ്പെടുന്നു. പുരുഷന്മാർക്ക് ഒന്നിലധികം വിവാഹം കഴിക്കാൻ ആ മതം അനുവദിക്കുന്നു. 1942 -ൽ അദ്ദേഹത്തിന്റെ പിതാവ് സ്ഥാപിച്ചതാണ് ചീന പൗൽ. എല്ലാവരും നല്ല അടുക്കും ചിട്ടയോടും കൂടി ഈ വീട്ടിൽ കഴിയണം എന്നതാണ് ഇവിടുത്തെ നിയമം. ഇദ്ദേഹത്തിന്റെ മൂത്ത ഭാര്യ സത്തൃന്ഗിയാണ് ഈ കുടുംബത്തിന്റെ മുഴുവൻ മേൽനോട്ടം. തന്റെ കുട്ടികൾക്ക് കളിക്കാനായി മൈതാനങ്ങളും അടുത്ത് സ്‌കൂളുകളും വരെ സജ്ജമാക്കിയിട്ടുണ്ട്. ഈ വീട്ടിലെ എല്ലാ പുരുഷന്മാരും മരപ്പണിക്കാരാണ് എന്നുള്ളതാണ് അടുത്ത പ്രത്യേകത.

പട്ടാളച്ചിട്ടയിലാണ് സിയോണ കുടുംബം ജീവിക്കുന്നത്. വീട്ടിലെ എല്ലാ അംഗങ്ങളും ആദ്യഭാര്യയുടെ ഉത്തരവ് അനുസരിക്കുന്നു. എല്ലാവരും വീട്ടിലെ ജോലികൾ പങ്കിട്ട് ചെയ്യുന്നു. പുലർച്ചെ 5.30 -ന് കുടുംബത്തിലെ സ്ത്രീകൾ പാചകം ആരംഭിക്കുന്നു. പെൺമക്കൾ വീട് വൃത്തിയാക്കൽ, പാത്രം കഴുക്കൽ തുടങ്ങിയ ജോലികൾ ചെയ്യുന്നു. പുരുഷന്മാർ കന്നുകാലി വളർത്തൽ, കൃഷി, പാത്ര നിർമ്മാണം, ഫർണിച്ചർ നിർമ്മാണം, മറ്റ് ചെറുകിട വ്യവസായങ്ങൾ എന്നിവ ചെയ്യുന്നു. വൈകുന്നേരം 4 -നും 6 -നും ഇടയിലാണ് അത്താഴം വിളമ്പുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നു. വീട്ടിലെ വലിയ ഡൈനിംഗ് ഹാളിൽ 50 ടേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. മുതിർന്ന അംഗങ്ങൾ കസേരയിൽ ഇരുന്ന് കഴിക്കുമ്പോൾ കുട്ടികൾ നിലത്ത് ഇരുന്നു ഭക്ഷണം കഴിക്കുന്നു.

പതിനേഴാമത്തെ വയസ്സിലായിരുന്നു സിയോണയുടെ ആദ്യ വിവാഹം. ഒരു വർഷത്തിൽ തന്നെ 10 വിവാഹം വരെ കഴിച്ച് ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. 2014ലാണ് സിയോണയുടെ അവസാന വിവാഹം. അദ്ദേഹത്തിന്റെ ഭാര്യമാരുടെ എണ്ണം സംബന്ധിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ ഉണ്ട്. ചിലതിൽ അത് 38 പേരാണ്ടെങ്കിൽ, ചിലതിൽ അത് 39 ആണ്. എന്ത് തന്നെയായാലും, പരസ്പര വിശ്വാസവും, സ്‌നേഹവുമാണ് അവരെ ഒന്നിപ്പിച്ച് നിർത്തുന്നത്. സിയോണയുടെ കുടുംബത്തെ കുറിച്ച് അറിയാൻ എല്ലാവർക്കും വലിയ താത്പര്യമാണ്. ദിവസവും നിരവധി പേർ ഈ കുടുംബം സന്ദർശിക്കാനും എത്തുന്നുണ്ട്.