ലോകത്ത് നമ്പർ വണ്ണായി ടാറ്റ! സഹായിച്ചത് ജന കോടികളെ രാജ്യത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിച്ച് ടാറ്റ ഗ്രൂപ്പ്
ന്യൂഡൽഹി : ഇന്ത്യയുടെ അഭിമാനമാണ് ടാറ്റാ ഗ്രൂപ്പ്. ഏതൊരു ഇന്ത്യക്കാരന്റെയും സ്വകാര്യ അഹങ്കാരം. ബിസിനസ് എന്നതിലുപരി രാജ്യത്തോടുള്ള പ്രതിബദ്ധത ആണെന്ന് തെളിയിച്ച പാരമ്പര്യം ആണ് ടാറ്റയുടെത്. ആ ടാറ്റാ ഗ്രൂപ്പാണ് ലോകത്ത് കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയത് എന്ന് റിപ്പോര്‍ട്ട്.
ആഗോളതലത്തിൽ ഈ നൂറ്റാണ്ടിലെ ജീവകാരുണ്യ പ്രവർത്തനത്തിൽ മുന്നിൽ നിൽക്കുന്നത് ടാറ്റ ഗ്രൂപ്പ് എന്ന് റിപ്പോർട്ട്. 102.4 ബില്യൺ ഡോളറാണ് ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി മാത്രം കമ്പനി ചെലവഴിച്ചത്. ഹ്യൂറൺ റിസർച്ച് ആന്റ് എഡൽഗീവ് ഫൗണ്ടേഷൻ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ജീവകാരുണ്യ പ്രവർത്തനം നടത്തിയത് ജംഷഡ്ജി ടാറ്റ സ്ഥാപിച്ച ടാറ്റ ഗ്രൂപ്പാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടിൽ 832 ബില്യൺ ഡോളറാണ് ആഗോളതലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ലഭിച്ചിരിക്കുന്നത്. ഇതിൽ 102.4 ബില്യൺ ഡോളറും സംഭവാന ചെയ്തത് ടാറ്റ ഗ്രൂപ്പാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജീവകാരുണ്യ പ്രവർത്തനത്തിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനേയും മെലിന്റ ഗേറ്റ്സിനേയും പിന്തള്ളിയാണ് ഒരു ഇന്ത്യൻ കമ്പനി ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 1892 ൽ ആരംഭിച്ച ടാറ്റ ഗ്രൂപ്പ് ആരോഗ്യ മേഖലയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയാണ് കൂടുതലായി സഹായം നൽകിയത്.
വിപ്രോ ലിമിറ്റഡ് സ്ഥാപകനും ജീവകാരുണ്യപ്രവർത്തകനുമായ അസിം പ്രേംജി പട്ടികയിൽ 12 -ാം സ്ഥാനത്താണ് ഉള്ളത്. 22 ബില്യൺ ഡോളർ അദ്ദേഹം ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി സംഭാവന നൽകി. സംഭാവനയായി ലഭിച്ച 832 ബില്യൺ ഡോളറിൽ 503 ബില്യൺ ഡോളർ സ്ഥാപനങ്ങൾ നൽകിയതും 329 ബില്യൺ ഡോളർ മറ്റ് സംഭാവനകളിലൂടെ ലഭിച്ചതുമാണ്.
പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബിൽ ഗേറ്റസും മെലിന്റ ഗേറ്റ്സും 74.6 ബില്യൺ ഡോളറാണ് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വേണ്ടി നൽകിയിരിക്കുന്നത്. ഹെൻറി വെൽകം(56.7 ബില്യൺ ഡോളർ), ഹോവാർഡ് ഹഗ്സ്(38.6 ബില്യൺ ഡോളർ), വാറൻ ബഫറ്റ്(37.4 ബില്യൺ ഡോളർ) എന്നിവരും പട്ടികയിലുണ്ട്.